ഗുരുവായൂർ നിയമസഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി നേതാവുമായ ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും വികസനം ഉറപ്പാക്കാനും “ഹിന്ദു രാഷ്ട്രീയം” അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ഷേത്രത്തിന്റെ പേരിൽ ലോകപ്രശസ്തമായ ഗുരുവായൂരിൽ ഒരു ഹിന്ദു എംഎൽഎ വേണമെന്നതാണ് തന്റെ പ്രധാന ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരിൽ ഒരു ഹിന്ദു എംഎൽഎ ഇല്ലാത്തത് ഹിന്ദു രാഷ്ട്രീയം അഭാവം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ നിലപാടിൽ നിന്ന് പിന്മാറില്ലെന്നും, പൊലീസോ കോടതിയോ, പട്ടാളം പോലും വന്നാലും അഭിപ്രായം മാറ്റില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു.
കേരളത്തിന് ഇപ്പോൾ ആവശ്യമായത് “പൊളിറ്റിക്കൽ ഹിന്ദുത്വം” ആണെന്നും, വിളക്ക് കൊളുത്തുന്നത് ‘ഹറാം’ ആണെന്ന് പറയുന്നവർ സമൂഹത്തിൽ അക്രമത്തിനായി അവസരം നോക്കുന്നവരാണെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, പശ്ചിമ ബംഗാളിൽ ബിജെപി വിജയം നേടുമെന്നും, വൈകാതെ കേരളത്തിലും പാർട്ടി ശക്തമായി ഉയരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
