ആനക്കല്ലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; കാരണം സംശയ രോ​ഗം

തൃശൂർ ജില്ലയിലെ ആനക്കല്ലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലും സംശയമാണ് കാരണമെന്ന് വിവരം. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വീടിന്റെ മുകളിലെ മുറിയില്‍ ഉണ്ണിമായയെ മരിച്ച നിലയില്‍ ശിവപ്രസാദിന്റെ അമ്മ കണ്ടെത്തി. തുടര്‍ന്ന് ഉണ്ണിമായയെ കൊന്നുവെന്ന് ശിവപ്രസാദ് തന്നെ അമ്മയോട് അറിയിച്ചു.

അമ്മയുടെ കരച്ചില്‍ കേട്ട് സമീപത്തെ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ വീട്ടിലെത്തിയപ്പോള്‍ ശിവപ്രസാദ് അവരെ അകത്ത് കടക്കാന്‍ അനുവദിച്ചില്ല. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇവരുടെ മൂന്നര വയസുകാരിയായ ഏക മകള്‍ നൈറ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ണിമായയുടെ വീട്ടിലായിരുന്നു താമസം.

സംശയത്തെ തുടര്‍ന്നാണ് കുന്നത്ത് വളപ്പില്‍ ശിവപ്രസാദ് ഭാര്യ ഉണ്ണിമായയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ് മാര്‍ക്കറ്റിലെ തൊഴിലാളിയാണ് ശിവപ്രസാദ്. പൂങ്കുന്നത്തെ എയര്‍കണ്ടീഷന്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്നു ഉണ്ണിമായ. കുറച്ചുനാളായി ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

സംഭവദിവസം രാവിലെ ഉണ്ണിമായ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയും ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായി. സംശയസ്വഭാവമുള്ള ശിവപ്രസാദ് ഇടയ്ക്കിടെ ഉണ്ണിമായയുടെ ഫോണ്‍ പരിശോധിക്കാറുണ്ടായിരുന്നുവെന്നും അടുത്തിടെ അവളുടെ മൊബൈല്‍ വാങ്ങിവച്ചതിനെ തുടര്‍ന്ന് അമ്മയുടെ ഫോണാണ് ഉണ്ണിമായ ഉപയോഗിച്ചിരുന്നതെന്നും വിവരമുണ്ട്.

മറുപടി രേഖപ്പെടുത്തുക