തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രസിഡന്റ്സം വിജയ് സ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചു. ഗവര്‍ണര്‍ ആർ എൻ രവിയെ കാണാന്‍ സമയം അഭ്യര്‍ഥിച്ച് കത്തെഴുതിയ വിജയ്, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
234 അംഗ സഭയില്‍ 108 സീറ്റുകള്‍ നേടിയ പാര്‍ട്ടിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയായ നിലയില്‍ വ്യക്തമായ ജനവിധി ലഭിച്ചതാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. “108 എംഎല്‍എമാരുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ഞങ്ങള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ക്കുള്ള അവകാശം അംഗീകരിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണം,” വിജയ് വ്യക്തമാക്കി. കൂടാതെ, പിന്തുണ സമാഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട അദ്ദേഹം 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
തമിഴ്‌നാട് നിയമസഭയില്‍ ഭൂരിപക്ഷത്തിനായി 118 സീറ്റുകള്‍ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ 10 സീറ്റുകളുടെ കുറവുള്ള ടിവികെ ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ തേടാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ ഉടന്‍ തന്നെ വിജയിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഒരു പാര്‍ട്ടിക്കും പൂര്‍ണ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ 7 മുതല്‍ 15 ദിവസം വരെ സമയം നല്‍കുന്നത് ഭരണഘടനാപരമായ സാധാരണ നടപടിയാണ്. അതേസമയം, പാര്‍ട്ടിക്കുള്ളിലെ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. പനായൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്ന് വൈകുന്നേരം നടക്കുന്ന ടിവികെ എംഎല്‍എമാരുടെ യോഗത്തില്‍ വിജയിയെ നിയമസഭാ പാര്‍ട്ടി നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കും.
