കെസി വേണുഗോപാലിന് മുഖ്യമന്ത്രിപദത്തിലേക്ക് മുന്‍തൂക്കം? രാഹുൽ ഗാന്ധിയുമായി നിര്‍ണായക ചര്‍ച്ചകള്‍

കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന നിലപാടിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മുഖ്യമന്ത്രിപദത്തിനായുള്ള ചര്‍ച്ചകളില്‍ നിലവില്‍ വിഡി സതീശൻ, ചെന്നിത്തല , കെസി വേണുഗോപാല്‍ എന്നിവരാണ് പ്രധാന പേരുകള്‍.

മൂന്ന് നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറിലേറെ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ കെസി വേണുഗോപാലിന്റെ സാധ്യതകള്‍ ശക്തമാണെന്ന സൂചന നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കെസിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി ഉടന്‍ ചര്‍ച്ച നടത്തുമെന്നും തന്റെ നിലപാടിന് പിന്തുണ തേടുമെന്നും പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാർഗെയുടെ വസതിയില്‍ ഹൈക്കമാന്‍ഡ് യോഗം ചേരുന്നതിനുമുമ്പായിരുന്നു രാഹുല്‍ ഗാന്ധിയും വേണുഗോപാലും തമ്മിലുള്ള പ്രത്യേക ചര്‍ച്ച.

നിലവിലെ സാഹചര്യത്തില്‍ കെസി വേണുഗോപാലിനാണ് മുന്‍തൂക്കം ലഭിക്കുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്ര നേതാവിനെ മുഖ്യമന്ത്രിയാക്കണമോ, അതോ സംസ്ഥാനതലത്തില്‍ ശക്തമായ സ്വാധീനമുള്ള പ്രാദേശിക നേതാവിനെ തെരഞ്ഞെടുക്കണമോയെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ തുടരുകയാണ്.

അതേസമയം, വിഡി സതീശനും രമേശ് ചെന്നിത്തലയും സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാക്കളാണ്. പ്രത്യേകിച്ച്, വിഡി സതീശന് യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിന്റെ പിന്തുണയുണ്ടെന്നതും ശ്രദ്ധേയമാണ്. ഹൈക്കമാന്‍ഡിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും അന്തിമ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

മറുപടി രേഖപ്പെടുത്തുക