പൊതുവിദ്യാഭ്യാസ രംഗത്ത് കേരളത്തിന് ദേശീയ നേട്ടം; ‘പ്രചേസ്ത-2’ പദവിയിലേക്ക് ഉയർന്ന് സംസ്ഥാനം

സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം ലഭിച്ചതായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അഭിമാനകരമായ നേട്ടമായി കേരളം ‘പ്രചേസ്ത-2’ പദവിയിലേക്ക് ഉയർന്നുവെന്ന വിവരം അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും പ്രകടനവും വിലയിരുത്തുന്നതിനായി തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിലെ (PGI) പ്രധാന ഗ്രേഡിംഗ് വിഭാഗങ്ങളിലൊന്നാണ് ‘പ്രചേസ്ത-2’. മൊത്തം 1,000 പോയിന്റിൽ 641 മുതൽ 700 വരെ സ്കോർ നേടുന്ന സംസ്ഥാനങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.

പഠന നിലവാരം, ഡിജിറ്റൽ സൗകര്യങ്ങൾ, സ്കൂൾ അടിസ്ഥാന സൗകര്യ വികസനം, തുല്യത, ഭരണനിർവഹണം തുടങ്ങിയ വിവിധ മേഖലകളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് ഈ ഗ്രേഡിംഗ് നിശ്ചയിക്കുന്നത്.

2024-25 അധ്യയന വർഷത്തിൽ കേരളം 687.7 പോയിന്റ് നേടി വലിയ മുന്നേറ്റമാണ് കൈവരിച്ചത്. കഴിഞ്ഞ വർഷം 594.2 പോയിന്റ് മാത്രമായിരുന്ന സംസ്ഥാനത്തിന്റെ സ്കോർ ഇത്തവണ ഏകദേശം 93.5 പോയിന്റ് വർധിച്ചു. ഇതോടെയാണ് 2023-24ൽ ‘പ്രചേസ്ത-3’ വിഭാഗത്തിലായിരുന്ന കേരളം ഇത്തവണ ‘പ്രചേസ്ത-2’ പദവിയിലേക്ക് ഉയർന്നത്. അതേസമയം, ദേശീയ തലത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടി ഒന്നാം സ്ഥാനത്ത് തുടരുന്നത് ചണ്ഡീഗഡ് ആണ്. 703 പോയിന്റ് നേടി ചണ്ഡീഗഢ് ‘പ്രചേസ്ത-1’ ഗ്രേഡ് സ്വന്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന് വീണ്ടും ദേശീയ അംഗീകാരം; ‘പ്രചേസ്ത-2’ പദവിയിലേക്ക് നാം ഉയർന്നു…

അഭിമാനകരമായ ഒരു വാർത്ത പങ്കുവെയ്ക്കാനുണ്ട്. സംസ്ഥാനങ്ങളുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രകടനവും ഗുണനിലവാരവും വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളം ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ്. 2023-24 അധ്യയന വർഷത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2024-25 കാലയളവിൽ കേരളത്തിന്റെ സ്കോറിലും ഗ്രേഡിലും വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ഏറെ സന്തോഷകരമാണ്.

കഴിഞ്ഞ വർഷം കേരളത്തിന്റെ മൊത്തം സ്കോർ 594.2 ആയിരുന്നെങ്കിൽ ഇത്തവണ അത് 687.7 ആയി ഉയരുകയും ഏതാണ്ട് 93.5 പോയിന്റിന്റെ വർധനവ് ഈ ചുരുങ്ങിയ കാലയളവിൽ നാം കൈവരിക്കുകയും ചെയ്തു.

സ്കോറിലുണ്ടായ ഈ വലിയ വർധനവ് കേരളത്തിന്റെ ഗ്രേഡിംഗിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 2023-24 വർഷത്തിൽ ‘പ്രചേസ്ത-3’ വിഭാഗത്തിലായിരുന്ന കേരളം ഇത്തവണത്തെ മികച്ച പ്രകടനത്തിലൂടെ ‘പ്രചേസ്ത-2’ പദവിയിലേക്ക് ഉയർന്നിരിക്കുകയാണ്.

വിദ്യാഭ്യാസ മേഖലയിലെ വിവിധ ഡൊമെയ്‌നുകളിൽ, പ്രത്യേകിച്ച് പഠന നിലവാരം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയിൽ നാം പുലർത്തുന്ന കൃത്യമായ മേൽനോട്ടവും നിക്ഷേപവുമാണ് ഈ നേട്ടത്തിന് ആധാരമായത്. ദേശീയ തലത്തിൽ ചണ്ഡീഗഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുടെ കൂടെ മികച്ച ഗ്രേഡിംഗ് നിലനിർത്താൻ കേരളത്തിന് സാധിക്കുന്നു എന്നത് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ അടയാളമാണ്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് നാം നടപ്പിലാക്കി വരുന്ന സമഗ്ര പരിഷ്കാരങ്ങൾക്കുള്ള അംഗീകാരമാണ് കേന്ദ്രത്തിന്റെ ഈ പുതിയ റിപ്പോർട്ട് എന്ന് നാം വിലയിരുത്തുന്നു. ദേശീയ പഠനനേട്ട സർവെയിൽ (NAS) നേടിയ മികച്ച പോയിന്റ് ഈ നേട്ടത്തിന് വലിയ തോതിൽ തുണയായിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ തന്നെ അവ നടപ്പാക്കിയ സംസ്ഥാനങ്ങൾക്കൊപ്പമോ അതിന് മുകളിലോ ഇടം പിടിക്കാൻ കേരളത്തിനായി എന്നത് ഏറെ ശ്രദ്ധേയമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും നടപ്പാക്കിയ ഗുണമേന്മാ വിദ്യാഭ്യാസ പരിപാടി വിജയം കണ്ടു എന്നതിന്റെ തെളിവാണ് കേരളത്തിന്റെ ഈ ഉജ്ജ്വല നേട്ടം.

മറുപടി രേഖപ്പെടുത്തുക