കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നാളെ ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നു. രാവിലെ 6.30-ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കാണ് അദ്ദേഹം പുറപ്പെടുന്നത്.
സംസ്ഥാനത്തെ മുഖ്യമന്ത്രി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എഐസിസി നിരീക്ഷകര്‍ നാളെ തിരുവനന്തപുരത്ത് എത്താനിരിക്കെയാണ് ചെന്നിത്തലയുടെ ഈ യാത്ര. എന്നാല്‍ മഹാരാഷ്ട്ര പിസിസി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് യാത്രയെന്നും, ഇത് നേരത്തെ തീരുമാനിച്ച പരിപാടിയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളത്. അതിനിടെ പാര്‍ട്ടിയിലെ സീനിയോറിറ്റി, ഭരണപരിചയം, സാമുദായിക പിന്തുണ എന്നിവ തനിക്കുണ്ടെന്ന് ചെന്നിത്തല മുന്നോട്ട് വയ്ക്കുന്ന നിലപാടും ചര്‍ച്ചകളില്‍ ശ്രദ്ധ നേടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും വിഡി സതീശന് നല്‍കാനുള്ള ശ്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹി സന്ദര്‍ശനം എന്ന തരത്തിലുള്ള സൂചനകളും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്നു.
