ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിൽ ജസ്പ്രീത് ബുംറയുടെ ഫോം ഇടിഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ രവി ശാസ്ത്രി. ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം മാനസിക ക്ഷീണവും പ്രകടനത്തെ ബാധിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐപിഎൽ മത്സരങ്ങൾക്കും അന്താരാഷ്ട്ര ക്രിക്കറ്റ് ഷെഡ്യൂളിനും ഇടയിൽ ഉയർന്ന ജോലിഭാരം ബുംറയെ ബാധിച്ചിരിക്കാമെന്നും, മുംബൈ ഇന്ത്യൻസ് താരത്തിന്റെ ജോലിഭാരം സൂക്ഷ്മമായി നിയന്ത്രിക്കണമെന്നും ശാസ്ത്രി പറഞ്ഞു.
“കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇന്ത്യൻ ടീമിനായി വലിയ ജോലിഭാരമാണ് ബുംറ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രശ്നം ശാരീരികമാത്രമല്ല, മാനസിക ക്ഷീണവും വലിയ ഘടകമാണ്. അടുത്ത വർഷങ്ങളിൽ തിരക്കേറിയ അന്താരാഷ്ട്ര കലണ്ടറും പ്രധാന ടൂർണമെന്റുകളും വരാനിരിക്കെ അദ്ദേഹത്തെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം,” എന്ന് ശാസ്ത്രി ജിയോ ഹോട്ട്സ്റ്റാറിൽ പറഞ്ഞു.
ഈ സീസണിൽ ബുംറയുടെ പ്രകടനം ആശങ്കാജനകമാണ്. 10 മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് വിക്കറ്റുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. സാധാരണയായി സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്ന താരത്തിൽ നിന്ന് ഇത് വ്യത്യസ്തമായ സീസണായാണ് വിലയിരുത്തുന്നത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചത് ഒരു തിരിച്ചുവരവിന്റെ സൂചനയായി കണക്കാക്കിയിരുന്നെങ്കിലും, തുടർന്ന് നടന്ന മത്സരങ്ങളിൽ ബുംറ വീണ്ടും സ്വാധീനം ചെലുത്താൻ പരാജയപ്പെട്ടു.
മാനസിക ക്ഷീണം ആധുനിക ക്രിക്കറ്റർമാർ നേരിടുന്ന വലിയ പ്രശ്നമാണെന്നും, എല്ലാ ഫോർമാറ്റുകളിലും തുടർച്ചയായ മത്സരഭാരം താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നുവെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.
