രത്തൻ ഖേൽക്കർ നിയമനം ‘ഡീലിന്റെ ഭാഗം’; സംസ്ഥാന സർക്കാരിനെതിരെ എം.വി ഗോവിന്ദൻ

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതലയിലിരിക്കെ നടപടികൾ ഗുരുതരമായി അലങ്കോലപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് രത്തൻ ഖേൽക്കറെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ആയിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ട സംഭവങ്ങൾക്ക് പിന്നിൽ ഖേൽക്കറുടെ പങ്കുണ്ടായിരുന്നുവെന്നും, ഇതിനെതിരെ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം ഉയർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിൽ സമാന വിവാദത്തിൽപ്പെട്ട ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഉയർന്ന പദവിയിൽ നിയമിച്ചപ്പോൾ രാഹുൽ ഗാന്ധി ശക്തമായി പ്രതികരിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ, കേരളത്തിലെ വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്ന് വിമർശിച്ചു.

രത്തൻ ഖേൽക്കറുടെ നിയമനം ഒരു ‘ഡീലിന്റെ ഭാഗം’ ആണെന്നും, ഇതിന് പിന്നിലെ യഥാർത്ഥ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രി മാത്രം അറിഞ്ഞുകൊണ്ടാണ് അതിവേഗത്തിൽ നിയമനം നടത്തിയതെന്ന സൂചന കെ.സി. വേണുഗോപാലിന്റെ പ്രതികരണത്തിൽ നിന്നു ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ കോൺഗ്രസിനകത്തുതന്നെ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക