രാജ്യത്തെ ജനങ്ങൾക്ക് വീണ്ടും തിരിച്ചടിയായി ഇന്ധനവില വർധന. സി.എൻ.ജി (കമ്പ്രസ്ഡ് നാച്ചുറൽ ഗ്യാസ്) വില വീണ്ടും ഉയർത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കിലോഗ്രാമിന് രണ്ട് രൂപയാണ് പുതിയ വർധന.
പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ദില്ലിയിൽ സി.എൻ.ജി വില കിലോഗ്രാമിന് 83.09 രൂപയായി ഉയർന്നു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് സി.എൻ.ജി വില വർധിപ്പിക്കുന്നത്. വെറും 12 ദിവസത്തിനിടെ ആറ് രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഇന്ധനക്കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, ഏകദേശം 1000 കോടിയോളം രൂപയുടെ നഷ്ടം നേരിടുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ കമ്പനികൾക്ക് ലാഭം ഉറപ്പാക്കുന്നതിനായുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.
തുടർച്ചയായ ഇന്ധനവില വർധന സാധാരണ ജനങ്ങളെയും ഗതാഗത മേഖലയെയും കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ശക്തമാകുകയാണ്.
