വകുപ്പ് തർക്കത്തിൽ മന്ത്രി രാജിവെച്ചു; കർണാടകയിൽ കോൺഗ്രസ് സർക്കാർ തകർച്ചയിലേക്ക്, ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യതയെന്ന് ബി.ജെ.പി

ജലവിഭവ മന്ത്രി രാമലിംഗ റെഡ്ഡിയുടെ രാജിയെത്തുടർന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷമായ രാഷ്ട്രീയ ആക്രമണവുമായി പ്രതിപക്ഷമായ ബി.ജെ.പി. ജനക്ഷേമത്തേക്കാൾ ഭരണകക്ഷിയെ നയിക്കുന്നത് കസേര മോഹമാണെന്നും സമുദായ സമത്വത്തെക്കുറിച്ച് വാചാലരാകുന്ന കോൺഗ്രസിന്റെ കാപട്യമാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു.

അധികാരപ്പോരിലും അഴിമതിയിലും മുങ്ങിത്താഴ്ന്ന കർണാടക സർക്കാർ ഉടൻ തന്നെ തകരുമെന്നും സംസ്ഥാനം ഒരു ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പ്രവചിച്ചു. ബെംഗളൂരു നഗര വികസന വകുപ്പ് ലഭിക്കാത്തതിനെ തുടർന്ന് മുതിർന്ന മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചത് ഭരണപക്ഷത്തെ ആഭ്യന്തര അസ്ഥിരതയുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“മൺസൂൺ കൃഷി സീസൺ ആരംഭിച്ച ഈ ഘട്ടത്തിൽ കർഷകർക്ക് വിത്തും വളവും എത്തിക്കുന്നതിന് പകരം കോൺഗ്രസ് നേതാക്കൾ ലാഭകരമായ വകുപ്പുകൾക്കായി തമ്മിലടിക്കുകയാണ്. ഭരിക്കാൻ അറിയില്ലെങ്കിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രാജിവെച്ച് പുതിയ ജനവിധി തേടണം.”- അദ്ദേഹം പറഞ്ഞു.

സാമൂഹിക നീതിയെക്കുറിച്ചുള്ള കോൺഗ്രസിന്റെ പ്രസ്താവനകൾ വെറും വാചാടോപമാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക കുറ്റപ്പെടുത്തി. ബസവണ്ണയുടെയും ഡോ. ബി.ആർ. അംബേദ്കറുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർക്ക്, അവരുടെ ആദർശങ്ങൾ നടപ്പാക്കേണ്ട സാമൂഹ്യക്ഷേമം, ആദിവാസി ക്ഷേമം തുടങ്ങിയ വകുപ്പുകൾ ഏറ്റെടുക്കാൻ താല്പര്യമില്ലെന്നും എല്ലാവർക്കും സ്വാധീനമുള്ള ‘പണക്കൊഴുപ്പുള്ള’ മന്ത്രാലയങ്ങൾ മാത്രമാണ് വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. കർണാടക മന്ത്രിസഭയിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിനെയും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വകുപ്പുകൾ വിഭജിച്ച് ഒരു ദിവസം തികയും മുൻപേ മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി രാജിവെച്ചത് പുതിയ കോൺഗ്രസ് സർക്കാരിന് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക