‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ മുദ്രാവാക്യം തിരിച്ചടിയായി; തിരഞ്ഞെടുപ്പ് വീഴ്ചകൾ തുറന്നുപറഞ്ഞ് പി. രാജീവ്

തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പ്രചാരണ തന്ത്രങ്ങളിലെയും പാർട്ടി നിലപാടുകളിലെയും പിഴവുകൾ തുറന്നുപറഞ്ഞ്പി രാജീവ് . തിരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിയ ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്നും മറിച്ച് പാർട്ടിക്ക് തിരിച്ചടിയായെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് നടന്നഇ എം എസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ്തുത മുദ്രാവാക്യം ജനങ്ങൾക്കിടയിൽ വ്യത്യസ്തമായ അർഥത്തിൽ സ്വീകരിക്കപ്പെട്ടുവെന്നും അത് പാർട്ടിക്കെതിരായ ഒരു പൊതുബോധം രൂപപ്പെടാൻ കാരണമായെന്നും രാജീവ് പറഞ്ഞു. ഈ മുദ്രാവാക്യം വേണ്ടത്ര ശരിയായിരുന്നില്ലെന്നാണ് പാർട്ടി ഇപ്പോൾ വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ സങ്കീർണതകൾ മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ഇന്നലകളിലെ രീതികൾ ആവർത്തിക്കുന്നതിലൂടെ ഇന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ കാലത്തിനനുസരിച്ച് സമരരീതികളിലും രാഷ്ട്രീയ ഇടപെടലുകളിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും സിപിഎം ഇന്നിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പാർട്ടിയായി മാറേണ്ടതുണ്ടെന്നും രാജീവ് പറഞ്ഞു.

മുദ്രാവാക്യത്തിലെ പിഴവുകൾക്ക് പുറമെ, സമീപകാലത്ത് പാർട്ടി സ്വീകരിച്ച ചില നിലപാടുകളിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. വെള്ളാപ്പള്ളി നടേശൻ സംബന്ധിച്ച വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ എങ്ങനെ ഇടപെടണം എന്ന കാര്യത്തിൽ കൂടുതൽ വ്യക്തതയും കൃത്യതയും പാർട്ടിക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിലും സമയോചിതമായ തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് പാർട്ടി ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്ന് രാജീവ് വ്യക്തമാക്കി. സംഘടനാ സാങ്കേതികത്വങ്ങൾക്കപ്പുറം ജനവികാരം മനസ്സിലാക്കി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത പാർട്ടി മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക