വിഴിഞ്ഞം ഓഹരി കൈമാറ്റം: വലിയ ഒത്തുകളി നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രിക്കെതിരെ തോമസ് ഐസക്കിന്റെ ആരോപണം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റ നീക്കം കേന്ദ്ര ബജറ്റിലെ സമുദ്ര മിഷൻ നിർദേശങ്ങൾ ഉയർത്തിയ ആശങ്കകൾ ശരിവെക്കുന്നതാണെന്ന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. അദാനി ഗ്രൂപ്പ് തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിന് നീക്കം നടത്തിയതിനെതിരെ അദ്ദേഹം ഫേസ്ബുക്കിൽ വിമർശനവുമായി രംഗത്തെത്തി.

തുറമുഖത്തിന്റെ യഥാർഥ ഉടമസ്ഥരായ കേരള സർക്കാരുമായി ആലോചിക്കാതെയാണ് അദാനി ഗ്രൂപ്പ് ഇത്രയും വലിയ തീരുമാനത്തിലേക്ക് കടന്നതെന്നും ഇതിന് പിന്നിൽ കേന്ദ്ര ബജറ്റിലെ പുതിയ നയ നിർദേശങ്ങളാണെന്നുമാണ് തോമസ് ഐസക്കിന്റെ ആരോപണം.

വിഴിഞ്ഞം പദ്ധതിക്കായി 2,497 കോടി രൂപ മാത്രം നിക്ഷേപിച്ച അദാനി ഗ്രൂപ്പ്, കമ്പനിയിലെ 49 ശതമാനം ഓഹരികൾ 13,000 കോടി രൂപയ്ക്ക് കൈമാറാൻ ഒരുങ്ങുന്നതിലൂടെ ഈ ഇടപാടിന്റെ സാമ്പത്തിക വ്യാപ്തിയും അതിന് പിന്നിലെ താൽപര്യങ്ങളും വ്യക്തമാകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും തോമസ് ഐസക് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി ഈ വിഷയത്തിൽ ഏതെങ്കിലും ഘട്ടത്തിൽ അനൗദ്യോഗിക ചർച്ചകൾ നടത്തിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മംഗളൂരുവിൽ വെച്ച് അദാനി ഗ്രൂപ്പ് പ്രതിനിധികളെ കാണാൻ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ നടത്തിയ സന്ദർശനം ദുരൂഹത നിറഞ്ഞതാണെന്നും തോമസ് ഐസക് ആരോപിച്ചു.

കേരള സർക്കാരിനെ പൂർണമായും അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് ഇത്തരമൊരു വൻ ഓഹരി കൈമാറ്റ നീക്കം നടത്തിയത് എന്ന വാദം വിശ്വസിക്കാൻ പ്രയാസമാണെന്നും, സംഭവത്തിന് പിന്നിൽ വലിയ തോതിലുള്ള ഒത്തുകളി നടന്നിട്ടുണ്ടോയെന്ന സംശയം ഉയരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക