പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന 13-കാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. സഹപാഠിയോട് ഉണ്ടായിരുന്ന പ്രണയബന്ധം നിരസിക്കപ്പെട്ടതിനെ തുടർന്നാണ് പരാതി നൽകിയതെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
പൊലീസിനും മജിസ്ട്രേറ്റിനും മുമ്പാകെ നൽകിയ മൊഴികളിൽ പീഡനം നടന്നതായി പെൺകുട്ടി പറഞ്ഞിട്ടില്ല. വൈദ്യപരിശോധനയിലും ലൈംഗിക അതിക്രമത്തിന്റെ തെളിവുകളൊന്നും കണ്ടെത്താനായില്ല. തുടർന്ന് നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും അവസാനിപ്പിക്കുമെന്ന് പൊലീസ് കോടതിയെ അറിയിക്കും.
സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരുടെ പേരുകളാണ് ആദ്യം പെൺകുട്ടി പറഞ്ഞിരുന്നത്. ഇവരിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് പിന്നീട് വിട്ടയച്ചു.
സ്കൂൾ ശുചിമുറിയിൽ വെച്ച് സഹപാഠികൾ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. എന്നാൽ പിന്നീട് പെൺകുട്ടി മൊഴി മാറ്റിയതോടെ കേസ് വഴിത്തിരിവിലായി. ചൈൽഡ് ലൈനിന് നൽകിയ പരാതിക്ക് പിന്നിലെ സാഹചര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
