തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ സുഗതനെതിരെ ചുമത്തിയ കാപ്പാ നടപടി ഉപദേശക സമിതിയും ശരിവെച്ചതോടെ ബിജെപി നേതൃത്വത്തിന് വലിയ രാഷ്ട്രീയ തിരിച്ചടി. വധശ്രമക്കേസിൽ ഒളിവിലായിരുന്ന സുഗതനെ നാടകീയ സംഭവവികാസങ്ങൾക്കൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സുഗതനെ പിടികൂടാനെത്തിയ പോലീസിനെ ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി. സ്ഥിതി നിയന്ത്രിക്കാൻ എസ്.എച്ച്.ഒ ആകാശത്തേക്ക് വെടിയുതിർക്കേണ്ട സാഹചര്യമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. അനുയായികളുടെ ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കേറ്റതും കേസിനെ കൂടുതൽ ഗൗരവത്തിലാക്കി.
കാപ്പാ നിയമപ്രകാരം സുഗതൻ ഇനി ആറുമാസത്തേക്ക് ജയിലിൽ തുടരേണ്ടിവരും. ഇതിനിടെ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കാത്ത പക്ഷം അദ്ദേഹത്തിന്റെ കൗൺസിലർ സ്ഥാനവും പ്രതിസന്ധിയിലാകും. നിയമപ്രകാരം തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്ത അംഗത്തെ അയോഗ്യനാക്കാൻ വ്യവസ്ഥയുണ്ട്.
ഇതിനകം രണ്ട് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുക്കാതിരുന്നതിനാൽ അടുത്ത യോഗത്തിലും ഹാജരാകാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ അംഗത്വം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, സുഗതനെ സംരക്ഷിക്കാനാണ് ബിജെപി നേതൃത്വം പുതിയ കൗൺസിൽ യോഗങ്ങൾ വിളിക്കാത്തതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ഭരണം നിലനിർത്തുന്ന ബിജെപിക്ക് ഈ സംഭവവികാസങ്ങൾ കോർപ്പറേഷൻ ഭരണത്തിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.
