ട്രംപിന്റെ വിമർശനം തിരിച്ചടിയായോ?; അമേരിക്കകാർക്ക് നാറ്റോയ്ക്കുള്ള വിശ്വാസം കുറഞ്ഞതായി സർവേ

അമേരിക്കയിൽ നാറ്റോയ്‌ക്കുള്ള പൊതുജന വിശ്വാസം കുറഞ്ഞതായി പുതിയ സർവേ റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാറ്റോ സഖ്യത്തെ നിരന്തരം വിമർശിച്ചതിന് പിന്നാലെയാണ് ഈ മാറ്റമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ മാധ്യമമായ പൊളിറ്റിക്കോ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സർവേ പ്രകാരം, ഒരു നാറ്റോ അംഗരാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ സഖ്യത്തിന്റെ കൂട്ടായ പ്രതിരോധ വ്യവസ്ഥയായ ആർട്ടിക്കിൾ 5 അമേരിക്കയ്ക്ക് വേണ്ടി പ്രാവർത്തികമാകുമെന്ന് വിശ്വസിക്കുന്ന യുഎസ് പൗരന്മാർ 43 ശതമാനം മാത്രമാണ്. നാറ്റോയിലെ 32 അംഗരാജ്യങ്ങളിൽ ഏറ്റവും താഴ്ന്ന ആത്മവിശ്വാസ നിരക്കാണിത്. സഖ്യത്തിലെ ശരാശരി വിശ്വാസനില 57 ശതമാനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മാർച്ച് മുതൽ ഏപ്രിൽ വരെ 31,000-ലധികം ആളുകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാറ്റോയിലെ അംഗരാജ്യങ്ങളിലാകെ വിശ്വാസത്തിൽ ഇടിവുണ്ടായെങ്കിലും, ഏറ്റവും വലിയ കുറവ് അമേരിക്കയിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, നാറ്റോയുടെ പ്രാധാന്യം അംഗീകരിക്കുന്ന അമേരിക്കക്കാരുടെ എണ്ണം ഇപ്പോഴും ഉയർന്ന നിലയിലാണ്. 72 ശതമാനം പേർ അറ്റ്ലാന്റിക് പ്രതിരോധ സഖ്യം പ്രധാനമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ റഷ്യയോടും ചൈനയോടുമുള്ള സമീപനങ്ങളിൽ മാറ്റം പ്രകടമാണെന്നും സർവേ വ്യക്തമാക്കുന്നു.

റഷ്യയെ അനുകൂലമായി കാണുന്നവരുടെ ശതമാനം 12ൽ നിന്ന് 17 ആയി ഉയർന്നപ്പോൾ, ചൈനയെ അനുകൂലമായി കാണുന്നവരുടെ എണ്ണം 17ൽ നിന്ന് 22 ശതമാനമായി വർധിച്ചു. ഉക്രെയ്നിനുള്ള പിന്തുണയും 59 ശതമാനത്തിൽ നിന്ന് 55 ശതമാനമായി കുറഞ്ഞതായും സർവേ കണ്ടെത്തി.

വർഷങ്ങളായി യൂറോപ്യൻ നാറ്റോ അംഗങ്ങൾ പ്രതിരോധ ചെലവിൽ ആവശ്യമായ സംഭാവന നൽകുന്നില്ലെന്ന് ട്രംപ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും നാറ്റോയുമായുള്ള അമേരിക്കയുടെ ബന്ധത്തെ “ഏകപക്ഷീയം” എന്നും നിലവിലെ ക്രമീകരണം “അസംബന്ധം” എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.

ഡെൻമാർക്കിൽ നിന്ന് ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ ആശയത്തെ നാറ്റോ അംഗങ്ങൾ പിന്തുണയ്ക്കാതിരുന്നതും, ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ നീക്കങ്ങളുമായി ബന്ധപ്പെട്ട ഭിന്നതകളും സഖ്യത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ വർധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.

മറുപടി രേഖപ്പെടുത്തുക