ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരിക, സാംസ്കാരിക പൈതൃകത്തിൽ ആഴത്തിൽ വേരൂന്നിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇരു രാജ്യങ്ങളുടെയും ചരിത്രപരവും സാംസ്കാരികവുമായ ബന്ധം എടുത്തുകാട്ടിയത്.
ഇന്ത്യയും ഇന്തോനേഷ്യയും കടൽ അതിർത്തികൾ മാത്രമല്ല, ചരിത്രവും പൈതൃകവും പങ്കിടുന്ന രാജ്യങ്ങളാണെന്ന് മോദി പറഞ്ഞു. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പാരമ്പര്യമാണ് ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസംഗത്തിനിടെ ലളിതമായൊരു പരാമർശവും മോദി നടത്തി. ഇന്തോനേഷ്യയിലെ “ക്രൂപുക്” ആണോ ഇന്ത്യയിലെ “പപ്പഡ്” ആണോ കൂടുതൽ ക്രിസ്പിയെന്ന് തീരുമാനിക്കാൻ പ്രയാസമാണെന്ന് പറഞ്ഞ അദ്ദേഹം, ഇരുരാജ്യങ്ങളുടെയും ഭക്ഷണ സംസ്കാരങ്ങളിലെ സാമ്യതകളും എടുത്തുപറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളും മുളയും ഇരുരാജ്യങ്ങളുടെയും ജീവിതരീതിയിൽ പ്രധാന സ്ഥാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ദീർഘകാല സമുദ്ര-സാംസ്കാരിക ബന്ധവും പ്രധാനമന്ത്രി ഓർമിപ്പിച്ചു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഗുജറാത്തിൽ നിന്നുള്ള വ്യാപാരികളും സൂഫി സന്യാസിമാരും കടൽമാർഗം ഇന്തോനേഷ്യയിലെത്തി വ്യാപാരത്തിനൊപ്പം ഇസ്ലാമിക ആശയങ്ങളും മൂല്യങ്ങളും അവിടേക്ക് എത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യ–ഇന്തോനേഷ്യ സഹകരണം നിർണായകമാണെന്നും പരസ്പര വിശ്വാസത്തിലും പങ്കിട്ട പൈതൃകത്തിലും അധിഷ്ഠിതമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്നും മോദി വ്യക്തമാക്കി.
