വയനാട് കള്ളാടിയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ്രാഹുൽ ഗാന്ധി . ദുരന്തബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന ഭരണകൂടത്തിനൊപ്പം പ്രവർത്തിക്കണമെന്ന് യുഡിഎഫ് പ്രവർത്തകരോടും അദ്ദേഹം അഭ്യർഥിച്ചു.
തന്റെ മുൻ മണ്ഡലമായ വയനാട്ടിൽ നടന്ന ദുരന്തത്തിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് രാഹുൽ ഗാന്ധി എക്‌സിലൂടെ അനുശോചന സന്ദേശം പങ്കുവെച്ചത്.
“വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ വാർത്ത അതീവ ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. ദുരന്തം ബാധിച്ച എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നു,” എന്നാണ് അദ്ദേഹം കുറിച്ചത്.
രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും പുരോഗമിക്കുകയാണെന്നും, ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തിച്ചേരാൻ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തിൽ ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ യുഡിഎഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.
മുൻപും നിരവധി പ്രതിസന്ധികളെ അതിജീവിച്ച വയനാട് ജനതയുടെ കരുത്ത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ ദുരന്തഘട്ടത്തിലും ബാധിത കുടുംബങ്ങൾക്കൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കി.
