ഇരട്ട പൗരത്വ വിവാദവുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കുന്നതിനെ കുറിച്ച് അലഹബാദ് ഹൈക്കോടതി നിർദേശം നൽകി. വിഷയത്തിൽ യു.പി. പൊലീസോ കേന്ദ്ര ഏജൻസിയോ അന്വേഷണം നടത്തണമെന്ന് കോടതി വ്യക്തമാക്കി.
കർണാടക സ്വദേശിയായ ഹർജിക്കാരൻ സമർപ്പിച്ച ഹർജിയിൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഔദ്യോഗിക രഹസ്യ നിയമം, വിദേശി നിയമം, പാസ്‌പോർട്ട് നിയമം തുടങ്ങിയ നിയമ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു.
ബിജെപി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിറാണ് ഹർജി നൽകിയത്. ജനുവരി 28ന് ലഖ്‌നൗവിലെ പ്രത്യേക കോടതി നൽകിയ വിധിയെ ചോദ്യം ചെയ്തായിരുന്നു ഈ നീക്കം. ഇരട്ട പൗരത്വ ആരോപണവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം കീഴ്‌ക്കോടതി നേരത്തെ തള്ളിയിരുന്നു.
ആദ്യമായി റായ് ബറേലിയിലെ പ്രത്യേക കോടതിയിലാണ് പരാതി നൽകിയത്. പിന്നീട് 2025 ഡിസംബർ 17ന് ഹൈക്കോടതി കേസ് ലഖ്‌നൗവിലേക്ക് മാറ്റി. ലഖ്‌നൗ കോടതി ഹർജി തള്ളിയതിനെ തുടർന്ന് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
