ഗുരുവായൂരിൽ വി.ഐ.പി ദർശന-വീഡിയോ നിരോധനം ലംഘിച്ചതായി പരാതി; മുഖ്യമന്ത്രി സതീശനെതിരെ ബി. ഗോപാലകൃഷ്ണൻ

മന്ത്രി എ.പി. അനിൽ കുമാറിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് ജനപ്രതിനിധികളും ഗുരുതരമായ നിയമലംഘനം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി.

ഞായറാഴ്ചകളിൽ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള വി.ഐ.പി ദർശന വിലക്കും ഹൈക്കോടതി നിർദേശിച്ച വീഡിയോ ചിത്രീകരണ നിരോധനവും പരസ്യമായി ലംഘിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ വി.ഐ.പി ദർശനത്തിന് കർശന നിയന്ത്രണമുള്ളപ്പോഴും, രാവിലെ 7.30 മുതൽ 9.30 വരെ മുഖ്യമന്ത്രി വി.ഡി. സതീശനും അനുയായികൾക്കും പ്രത്യേക ദർശനം അനുവദിച്ചുവെന്നാണ് ആരോപണം. നെയ്യ് വിളക്ക് രസീത് പോലും എടുക്കാതെയാണ് പ്രവേശനം അനുവദിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രപരിസരത്തും മേൽപത്തൂർ ഓഡിറ്റോറിയം സമീപവും വീഡിയോ ചിത്രീകരണം നടത്തുന്നതിന് ഹൈക്കോടതി വിലക്കുള്ള സാഹചര്യത്തിൽ, ഹൈബി ഈഡൻ എം.പി ഉൾപ്പെടെയുള്ളവർ ക്ഷേത്രത്തിനകത്തും പരിസരത്തും ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു.

നിയമം പാലിക്കേണ്ട ഭരണാധികാരികളും ജനപ്രതിനിധികളും തന്നെയാണ് നിയമലംഘനം നടത്തിയതെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ വിമർശിച്ചു. ആരോപണങ്ങൾ തെളിയിക്കുന്ന ദൃശ്യങ്ങളും മറ്റ് തെളിവുകളും തന്റെ കൈവശമുണ്ടെന്നും, ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കാത്ത പക്ഷം ക്ഷേത്രം അഡ്മിനിസ്ട്രേറ്ററെ എതിർകക്ഷിയാക്കി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക