സൗദി അറേബ്യയെയും അമേരിക്കയെയും മറികടന്നു; ഇന്ത്യയ്ക്ക് കൂടുതൽ എണ്ണ നൽകുന്ന രാജ്യമായി വെനിസ്വേല

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി പട്ടികയിൽ വെനിസ്വേല അടുത്തിടെ മൂന്നാമത്തെ വലിയ വിതരണക്കാരായി ഉയർന്നതായി റിപ്പോർട്ട്. മെയ് മാസത്തിൽ പ്രതിദിനം 4.17 ലക്ഷം ബാരൽ എണ്ണയാണ് വെനിസ്വേലയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

റഷ്യയും യുഎഇയും മാത്രമാണ് നിലവിൽ വെനിസ്വേലയെക്കാൾ മുന്നിലുള്ളത്. സൗദി അറേബ്യയും യുഎസ് അടക്കമുള്ള പരമ്പരാഗത വിതരണ രാജ്യങ്ങളെ പിന്തള്ളിയാണ് വെനിസ്വേലയുടെ മുന്നേറ്റം.

വിലക്കുറവാണ് വെനിസ്വേലൻ എണ്ണയ്ക്ക് ഇന്ത്യയിൽ ആവശ്യം വർധിക്കാൻ പ്രധാന കാരണം. ആഗോള തലത്തിൽ തുടരുന്ന സംഘർഷങ്ങളും വിപണി അനിശ്ചിതത്വങ്ങളും മൂലം ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലാണ് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വെനിസ്വേലൻ എണ്ണ ഇന്ത്യൻ കമ്പനികൾ കൂടുതൽ വാങ്ങുന്നത്.

വെനിസ്വേലയിൽ നിന്നുള്ള എണ്ണയിൽ സൾഫർ അളവ് കൂടുതലായതിനാൽ, ഗുജറാത്തിലെ റിലയൻസ് ജാംനഗർ പോലുള്ള അത്യാധുനിക റിഫൈനറികളിൽ മാത്രമാണ് ഇത് വ്യാപകമായി ശുദ്ധീകരിക്കാൻ കഴിയുന്നത്.

അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ഇറാഖ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിതരണം വലിയ തോതിൽ കുറഞ്ഞു. ഇറാഖിൽ നിന്ന് ഫെബ്രുവരിയിൽ 9.69 ലക്ഷം ബാരൽ എത്തിയിരുന്നപ്പോൾ മെയ് മാസത്തിൽ ഇത് 51,000 ബാരലായി കുറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. ഇറാനിൽ നിന്നുള്ള വിതരണം പൂർണ്ണമായും നിലച്ചതായും വിലയിരുത്തുന്നു.

ഇതിനൊപ്പം, ഉയർന്ന വില കാരണം സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഏപ്രിലിൽ 6.70 ലക്ഷം ബാരൽ ഉണ്ടായിരുന്നത് മെയ് മാസത്തിൽ 3.40 ലക്ഷം ബാരലായി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ധനവിലക്കയറ്റം, രൂപയുടെ മൂല്യത്തകർച്ച തുടങ്ങിയ സാമ്പത്തിക വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന വെനിസ്വേലൻ എണ്ണ ഇന്ത്യയ്ക്ക് ഭാഗിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക