യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ നടപ്പാക്കാൻ ആവശ്യമായ ആത്മവിശ്വാസവും വ്യക്തമായ പദ്ധതികളും യുഡിഎഫിനുണ്ടെന്നും സതീശൻ പറഞ്ഞു.
പദ്ധതികൾക്ക് വേണ്ട ധനം കണ്ടെത്താനുള്ള ഉത്തരവാദിത്വം യുഡിഎഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കും. കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ചികിത്സാചെലവ് കൂടുതലായിരിക്കുന്ന സാഹചര്യത്തിൽ അത് ആദ്യഘട്ടത്തിൽ തന്നെ പകുതിയായി കുറയ്ക്കുമെന്നും സതീശൻ പറഞ്ഞു. ഇതിനായി രാജസ്ഥാനിൽ ഗെലോട്ട് സർക്കാർ നടപ്പാക്കിയ മാതൃകയിലെ ഇൻഷുറൻസ് പദ്ധതി കേരളത്തിലും കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ യുവാക്കൾക്ക് വിദേശത്തേക്ക് പോകേണ്ട സാഹചര്യം ഒഴിവാക്കാൻ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗോള തൊഴിൽ സാധ്യതകൾക്ക് അനുയോജ്യമായ സംവിധാനങ്ങളും സംസ്ഥാനത്ത് തന്നെ സൃഷ്ടിക്കുമെന്നും സതീശൻ പറഞ്ഞു. ഗൗരവമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും ഈ ഗ്യാരന്റികള്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
