പരാജിതർക്ക് വ്യവസ്ഥകൾ നിശ്ചയിക്കാൻ കഴിയില്ല; ട്രംപിന്റെ വെടിനിർത്തൽ നിരസിച്ച് ഇറാൻ

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു. സമാധാന ചർച്ചകൾക്കായി വെടിനിർത്തൽ അനിശ്ചിതമായി നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ദോലാദ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇറാൻ ഇത് ശക്തമായി നിരസിച്ചു. ട്രംപിന്റെ തീരുമാനം അർത്ഥശൂന്യമാണെന്നും പരാജിതർക്ക് നിബന്ധനകൾ ഏർപ്പെടുത്താൻ സാധിക്കില്ലെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ മുതിർന്ന ഉപദേഷ്ടാവായ മഹ്ദി മുഹമ്മദി പറഞ്ഞു.

പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന സമാധാന ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനാണ് വെടിനിർത്തൽ നീട്ടുന്നതെന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കി. ഷെഹ്ബാസ് ഷെരിഫ് , അസിം മുനീർ എന്നിവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ നേതൃത്വത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഏകീകൃത നിർദ്ദേശം അവതരിപ്പിക്കാൻ സമയം നൽകുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ മഹ്ദി മുഹമ്മദി ശക്തമായി പ്രതികരിച്ചു. വെടിനിർത്തൽ നീട്ടൽ അർത്ഥശൂന്യമാണെന്നും ഉപരോധം തുടരുന്നത് ബോംബാക്രമണത്തിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഒരു അപ്രതീക്ഷിത സൈനിക നീക്കത്തിന് മുന്നൊരുക്കമാണെന്നും ഇറാൻ മറുപടി നൽകേണ്ട സമയമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മറുവശത്ത്, ഇറാൻ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ട്രംപ് ആരോപിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ ആഗ്രഹിക്കുന്നതായും പ്രതിദിനം വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിനും പോലീസിനും ശമ്പളം നൽകുന്നതിൽ പോലും ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് ട്രംപിന്റെ ആരോപണം.

മറുപടി രേഖപ്പെടുത്തുക