കൊടുംചൂടിനിടെ സംസ്ഥാനത്ത് രാത്രികാലങ്ങളിൽ അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . “പവർകട്ട് ഇല്ലാത്ത പത്ത് വർഷം” എന്ന പേരിൽ തിരഞ്ഞെടുപ്പ് സമയത്ത് ഉയർത്തിയ വാഗ്ദാനങ്ങൾ വമ്പൻ നുണയാണോയെന്ന് അദ്ദേഹം ചോദിച്ചു.
വൈദ്യുതി ബിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച സർക്കാർ ഇപ്പോൾ നിസഹായമായി നോക്കി നിൽക്കുകയാണെന്നും, അപ്രഖ്യാപിത ലോഡ്ഷെഡിങ് ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നിയന്ത്രണം തുടർന്നാൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പിണറായി വിജയൻ നേതൃത്വത്തിലുള്ള സർക്കാരിന്റെയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അടക്കമുള്ള സ്ഥാപനങ്ങളുടെയും തെറ്റായ തീരുമാനങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ നയിച്ചതെന്ന് സതീശൻ ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിൽ ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ ഉണ്ടായിരുന്നുവെന്നും, അത് റദ്ദാക്കിയതിലൂടെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് യൂണിറ്റിന് 4.29 രൂപയ്ക്ക് ലഭിച്ചിരുന്ന വൈദ്യുതി, കരാർ റദ്ദാക്കിയതിനു ശേഷം 6 മുതൽ 12 രൂപ വരെ നൽകി വാങ്ങേണ്ടിവന്നതിലൂടെ ദിവസേന കോടികളുടെ നഷ്ടമുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ദീർഘകാല കരാർ റദ്ദാക്കിയത് അഴിമതി ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും, റെഗുലേറ്ററി കമ്മീഷനും സർക്കാരും ഇതിൽ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.
കരാർ റദ്ദാക്കലിന് പിന്നിലെ ഗൂഢാലോചനകളെക്കുറിച്ച് അന്വേഷണം വേണമെന്നും, ഇതിലൂടെ കമ്പനികൾക്ക് ലഭിച്ച ലാഭത്തിന്റെ വിഹിതം ആരെല്ലാം നേടിയെന്ന് പുറത്തുകൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ ഈ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
