പശ്ചിമ ബംഗാളിൽ സി.പി.ഐ.എം മികച്ച വിജയം കൈവരിക്കും; ഇത്തവണ പാർട്ടി അക്കൗണ്ട് തുറക്കും: എംഎ ബേബി

പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം മികച്ച പ്രകടനം കാഴ്ചവെച്ച് ഇത്തവണ നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രകടിപ്പിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുണ്ടാക്കിയ സഖ്യം പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നുവെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിക്കാത്ത സാഹചര്യത്തിൽ, ഇടതുപക്ഷ വോട്ടുകൾ കോൺഗ്രസിന് പോയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രാഷ്ട്രീയ യാഥാർത്ഥ്യം ജനങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടെന്നും, അതുവഴി ബംഗാളിൽ പാർട്ടിക്ക് തിരിച്ചുവരവ് സാധ്യമാകുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും എം.എ. ബേബി പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ മതന്യൂനപക്ഷങ്ങളുടെ ഏകോപനം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എതിരായി നിന്ന ചില ന്യൂനപക്ഷ വോട്ടർമാർ പോലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണച്ചുവെന്നു അദ്ദേഹം അവകാശപ്പെട്ടു.

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലവിലില്ലെന്നും, യു.ഡി.എഫ് ഉയർത്തുന്ന ആരോപണങ്ങൾ രാഷ്ട്രീയപരമായ നീക്കങ്ങൾ മാത്രമാണെന്നും എം.എ. ബേബി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക