ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കയുടെ ആഗോള പ്രതിച്ഛായ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പുതിയ പഠന റിപ്പോർട്ട്. അലയൻസ് ഓഫ് ഡെമോക്രസീസ് ഫൗണ്ടേഷൻ പുറത്തിറക്കിയ വാർഷിക ഡെമോക്രസി പെർസെപ്ഷൻ ഇൻഡക്സിലാണ് ഈ വിലയിരുത്തൽ.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ആഗോള കാര്യങ്ങളിൽ നിന്ന് വാഷിംഗ്ടൺ പിൻവാങ്ങുകയാണെന്ന വിമർശനങ്ങളെ തുടർന്നാണ് മുൻ നാറ്റോ സെക്രട്ടറി ജനറലായ ആൻഡേഴ്‌സ് ഫോഗ് റാസ്മുസ്സെൻ 2017ൽ ഈ സംഘടന സ്ഥാപിച്ചത്. ലോക രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ അവസ്ഥയെ കുറിച്ചുള്ള പഠനങ്ങൾ കഴിഞ്ഞ ആറുവർഷമായി ഫൗണ്ടേഷൻ പുറത്തിറക്കിവരുന്നുണ്ട്.
റിപ്പോർട്ടനുസരിച്ച്, രണ്ട് വർഷം മുമ്പ് +22 ശതമാനമായിരുന്ന അമേരിക്കയുടെ റേറ്റിംഗ് ഇപ്പോൾ -16 ശതമാനമായി ഇടിഞ്ഞു. ഇതോടെ ചൈനയുടെ +7 ശതമാനത്തേക്കാളും റഷ്യയുടെ -11 ശതമാനത്തേക്കാളും താഴെയായി അമേരിക്കയുടെ നില.
ഏറ്റവും പുതിയ സൂചികയിൽ സ്വീഡൻ, നോർവേ, ഡെൻമാർക്ക് എന്നീ നോർഡിക് രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയത്. അതേസമയം, -23 ശതമാനം റേറ്റിംഗോടെ ഉക്രെയ്ൻ അവസാന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി.
മാർച്ച് 19 മുതൽ ഏപ്രിൽ 21 വരെ നടത്തിയ സർവേയിൽ 98 രാജ്യങ്ങളിൽ നിന്നായി 94,000ത്തിലധികം ആളുകളാണ് പങ്കെടുത്തത്. സർവേ നടത്തിയത് നിര ഡാറ്റ പോളിംഗ് കമ്പനിയാണെങ്കിലും, സൂചിക നിർണയിക്കാൻ ഉപയോഗിച്ച കൃത്യമായ മാനദണ്ഡങ്ങളെ കുറിച്ച് റിപ്പോർട്ടിൽ വിശദമായ വിവരങ്ങൾ നൽകിയിട്ടില്ല.
