തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി രാജിവെച്ചതുകൊണ്ട് മാത്രം പാർട്ടിക്ക് മാറ്റമുണ്ടാകില്ലെന്ന് പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഒരിക്കലും സംഭവിക്കരുതായിരുന്ന അപചയങ്ങളാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും, എന്നാൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും വിമർശിച്ചവരെ ഒറ്റപ്പെടുത്തുകയും ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
ജയിക്കുമെന്ന പ്രതീക്ഷയോടെ അല്ല മത്സര രംഗത്ത് ഇറങ്ങിയതെങ്കിലും, തിരഞ്ഞെടുപ്പിനിടെ അനുകൂല സാഹചര്യം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അടിയൊഴുക്ക് മുൻകൂട്ടി കണക്കാക്കാനായില്ലെന്നും, അതിന്റെ ശക്തി ഇപ്പോൾ പാർട്ടിക്കും ബോധ്യമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യജനാധിപത്യ മുന്നണിയുടെ ഓഫീസിൽ എത്തിയത് തന്റെ ചുമതലയായിരുന്നുവെന്നും, താൻ കോൺഗ്രസിലേക്കു ചേർന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകില്ലെന്ന നിലപാട് തുടക്കം മുതൽ എടുത്തിട്ടുണ്ടെന്നും, സ്വതന്ത്രനായാണ് ഇനി മുന്നോട്ട് പോകുന്നതെന്നും പറഞ്ഞു.
യുഡിഎഫിന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും, പാർട്ടി തെറ്റുകൾ തിരുത്തുമോ എന്നത് സംശയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെറ്റുകൾ തിരുത്താൻ സന്നദ്ധത കാണിച്ചാൽ അത് പാർട്ടിക്കും സംസ്ഥാനത്തിനും ഗുണകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻനെ മാറ്റുന്നതുകൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്നും, നിലവിലെ പാർട്ടി സംവിധാനത്തിൽ അടിമത്തസ്വഭാവം വളർന്നുവരുകയാണെന്നും വി. കുഞ്ഞികൃഷ്ണൻ വിമർശിച്ചു.
