കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷകര്‍ എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തുവന്നു. വിവിധ നേതാക്കള്‍ക്ക് ലഭിച്ച പിന്തുണയെ കുറിച്ചുള്ള സൂചനകളാണ് ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ ശ്രദ്ധ നേടുന്നത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് , എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിപദത്തിന് പിന്തുണച്ചതായി വിവരം. കേന്ദ്ര നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്ത 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരും കെ.സി വേണുഗോപാലിന് അനുകൂല നിലപാട് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ചെന്നിത്തലയുടെ വിശ്വസ്തനായ ഐ സി ബാലകൃഷ്ണൻ മുഖ്യമന്ത്രിപദത്തിന് കെ.സി വേണുഗോപാല്‍ അല്ലെങ്കില്‍ രമേശ് ചെന്നിത്തല എന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്എ സന്ദീപ് വാര്യർ, ഉഷാ വിജയൻ ന്നിവരും കെ.സി വേണുഗോപാലിനെ പിന്തുണച്ചവരില്‍ ഉള്‍പ്പെടുന്നു.
മുന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചപ്പോള്‍, നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശന് ആറ് എംഎല്‍എമാരുടെ പിന്തുണയാണ് ലഭിച്ചത്.
വി.ഡി സതീശനും രമേശ് ചെന്നിത്തലയും കേന്ദ്ര നിരീക്ഷകരെ നേരില്‍ കണ്ടു തങ്ങളുടെ നിലപാട് വിശദീകരിച്ചപ്പോള്‍, കെ.സി വേണുഗോപാല്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു. എംഎല്‍എമാരെ കൂടാതെ കോണ്‍ഗ്രസ് എംപിമാരുമായും മുതിര്‍ന്ന നേതാക്കളുമായും അവരുടെ അഭിപ്രായം അറിയുന്നതിനായി Aഅജയ് മാക്കൻ , മുകുൾ വാസ്നിക് എന്നിവര്‍ പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയ നിരീക്ഷകര്‍ ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഖാർഗെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് ആവശ്യമായാല്‍ സണ്ണി ജോസഫിനെയും മൂന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെയും വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും
