പതിറ്റാണ്ടുകളായി കടുത്ത രാഷ്ട്രീയ എതിരാളികളായ ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) ഒരുമിക്കുമെന്ന സൂചനകൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴ് വെട്രി കഴകം (ടിവികെ) ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളിയെ നേരിടുന്നതിനായാണ് ഇത്തരമൊരു അസാധാരണ നീക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നത്.
ഗവർണർ ആർ.എൻ. അർലേക്കറും വിജയിയും തമ്മിലുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. എൻഡിടിവി റിപ്പോർട്ട് പ്രകാരം, എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണത്തിന് ഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകാൻ തയ്യാറാണെന്ന തരത്തിലുള്ള സൂചനകളാണ് പുറത്ത് വരുന്നത്.
എന്നാൽ, ഇതിനായി ഡിഎംകെ ചില നിർണായക വ്യവസ്ഥകൾ മുന്നോട്ടുവച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതിൽ പ്രധാനപ്പെട്ടത് എഐഎഡിഎംകെ ബിജെപിയുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിക്കണമെന്ന ആവശ്യമാണ്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയും ബിജെപിയും സഖ്യമായിരുന്നു. ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചാൽ മാത്രമേ തുടർചർച്ചകൾക്ക് സാധ്യതയുള്ളുവെന്ന നിലപാടിലാണ് ഡിഎംകെ എന്നാണ് വിവരം.
ഇതിനൊപ്പം, സഖ്യകക്ഷികളായ വിടുതലൈ ചിരുതൈഗൾ കച്ചി (വിസികെ) ഉൾപ്പെടെയുള്ള ചെറിയ പാർട്ടികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകണമെന്ന ആവശ്യവും ഡിഎംകെ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. രണ്ട് സീറ്റുകളുള്ള വിസികെയെ തങ്ങളുടെ പക്ഷത്തേക്ക് നിലനിർത്താൻ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും രാഷ്ട്രീയവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അതേസമയം, ഇടതുപക്ഷ പാർട്ടികളായ സിപിഎം, സിപിഐ എന്നിവ ഈ അസാധാരണ രാഷ്ട്രീയ കൂട്ടുകെട്ടിനോട് അത്ര അനുകൂല നിലപാടിലല്ലെന്നാണ് വിവരം. നാല് സീറ്റുകളുള്ള ഇടതുപക്ഷ പാർട്ടികൾ ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തേക്കാൾ വിജയിയുടെ നേതൃത്വത്തിലുള്ള മുന്നണിയോടാണ് കൂടുതൽ താത്പര്യം കാണിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
സർക്കാർ രൂപീകരണത്തിനാവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കുന്നതിനായി വിജയ് കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിസികെ എന്നിവയുടെ പിന്തുണ നേടാൻ ശ്രമിച്ചുവരികയാണെന്നാണ് സൂചന. മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ തമിഴ്നാട്ടിൽ പുതിയ കൂട്ടുകെട്ടുകൾക്കും അപ്രതീക്ഷിത നീക്കങ്ങൾക്കും വഴിയൊരുക്കുകയാണ്.
