രാഹുൽ ഗാന്ധിയുടെ സെക്രട്ടറിയാണെന്ന് വ്യാജമായി പരിചയപ്പെടുത്തി രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. അമൃത്സർ സ്വദേശിയായ ഗൗരവ് കുമാറാണ് പിടിയിലായത്. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വവും പാർട്ടി പദവികളും വാഗ്ദാനം ചെയ്താണ് ഇയാൾ വിവിധ നേതാക്കളിൽ നിന്ന് പണം തട്ടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ഉത്തരാഖണ്ഡ് കോൺഗ്രസ് നേതാവ് ഭാവന പാണ്ഡെ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പാർട്ടിയിൽ ഉന്നത പദവി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.
ഡെറാഡൂൺ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്യവ്യാപകമായി ഇയാൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.
ട്രൂകോളർ ആപ്പിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. രാഹുൽ ഗാന്ധിയുടെ സെക്രട്ടറിയായ കനിഷ്ക് സിംഗിന്റെ പേരിൽ അക്കൗണ്ട് ഉണ്ടാക്കി വിവിധ കോൺഗ്രസ് നേതാക്കളെ സമീപിക്കുകയായിരുന്നു. വിവിധ വെബ്‌സൈറ്റുകളിൽ നിന്ന് നേതാക്കളുടെ വിവരങ്ങൾ ശേഖരിച്ച് അവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ജയ്പൂരിലെ രണ്ട് നേതാക്കളിൽ നിന്ന് 1.9 കോടി രൂപയും മറ്റൊരാളിൽ നിന്ന് 12 ലക്ഷം രൂപയും, പാറ്റ്നയിലെ ഒരു പ്രവർത്തകനിൽ നിന്ന് മൂന്ന് ലക്ഷം രൂപയും വാങ്ങിയതായി പ്രതി സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ സഹായിച്ച മൂന്നുപേരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
