ലോകം ഇന്ന് നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളികളെ മറികടക്കാൻ എല്ലാ പൗരന്മാരുടെയും സഹകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിതരണ ശൃംഖലകൾ തകരാറിലായതും വിലവർധനവിന് കാരണമായതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈദരാബാദിലെ സെക്കന്തരാബാദിൽ പരേഡ് ഗ്രൗണ്ടിൽ ബിജെപി സംഘടിപ്പിച്ച വലിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങൾ ചില ത്യാഗങ്ങൾ ഏറ്റെടുക്കണമെന്നും, അത് ദേശസ്നേഹത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ധനം ലാഭിക്കുക, പൊതുഗതാഗതം കൂടുതൽ ഉപയോഗിക്കുക, സാധ്യമെങ്കിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുക, അത്യാവശ്യമല്ലാത്ത സാധനങ്ങൾ വാങ്ങുന്നത് കുറയ്ക്കുക, വിദേശയാത്രകൾ ഒഴിവാക്കുക എന്നിവയിലൂടെ വിദേശനാണ്യം ലാഭിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്ന പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
“നമുക്ക് ഒരുമിച്ച് ഈ പ്രതിസന്ധിയെ നേരിടാം” എന്ന ആഹ്വാനവുമായി സംസാരിച്ച പ്രധാനമന്ത്രി, ദുഷ്കര സാഹചര്യങ്ങളിൽ രാജ്യത്തിനായി ഉത്തരവാദിത്തത്തോടെ ജീവിക്കുന്നത് ഒരു ദേശസ്നേഹ പ്രവർത്തിയാണെന്ന് വ്യക്തമാക്കി. രാജ്യത്തിനായി ജീവൻ ത്യജിക്കുന്നതുപോലെ തന്നെ, രാജ്യത്തിനായി ജീവിതം ക്രമീകരിച്ച് മുന്നേറുന്നതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ ആഗോള സാഹചര്യം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെയും ബാധിക്കുന്നുണ്ടെന്നും, അതിനാൽ വിദേശനാണ്യം സംരക്ഷിക്കുന്നതിന് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
