കടുത്ത ജീവിത പ്രതിസന്ധികളിൽ നിന്ന് ഉയർന്ന് മന്ത്രിസ്ഥാനത്തെത്തിയ വിജയകഥയായി ബിന്ദു കൃഷ്ണ

ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും കഷ്ടപ്പാടുകളെയും അതിജീവിച്ച് അഡ്വ.ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ഉയർന്നുവന്ന അവരുടെ ജീവിതയാത്ര കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ നേട്ടമായി മാറുകയാണ്.

ചെറുപ്പത്തിൽ തന്നെ വലിയ പ്രതിസന്ധികളിലൂടെയാണ് ബിന്ദു കൃഷ്ണ വളർന്നത്. അച്ഛൻ പി. സുകുമാരൻ ചായക്കട നടത്തുകയും അമ്മ ബി. വസുമതി കശുവണ്ടി തൊഴിലാളിയുമായിരുന്നു . അമ്മയുടെ രോഗാവസ്ഥയും ചികിത്സാചെലവും കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഇതോടെ വീട്ടുജോലികളിൽ ഉൾപ്പെടെ ബിന്ദുവിന് വലിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു.

അച്ഛനൊപ്പം ചായക്കടയിൽ ജോലി ചെയ്തും പഠനം തുടരുകയായിരുന്നു അവരുടെ ബാല്യ-യൗവനകാലം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് കടന്നത്. കൊല്ലം എസ്.എൻ. കോളജിൽ യൂണിയൻ പ്രവർത്തനത്തിൽ സജീവമായിരുന്ന അവർ പിന്നീട് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് എം. മുകേഷിനോട് 2072 വോട്ടിന്റെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും, തുടർന്ന് പൊതുപ്രവർത്തന രംഗത്ത് സജീവമായി തുടരുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൊല്ലം, ചാത്തന്നൂർ മണ്ഡലങ്ങളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലും മത്സരിച്ചിട്ടുള്ള ബിന്ദു കൃഷ്ണയുടെ രാഷ്ട്രീയ യാത്ര, പ്രതിസന്ധികളിൽ നിന്ന് ഉയർന്ന് മന്ത്രിസ്ഥാനത്തിലെത്തിയ വിജയകഥയായി മാറിയിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക