സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനപ്പോരാട്ടത്തിൽ വിഡി സതീശനോട് പിന്നോട്ടുപോയെങ്കിലും മന്ത്രിസഭാ രൂപീകരണത്തിൽ നിർണായക പിടിമുറുക്കി കെസി വേണുഗോപാൽ . മന്ത്രിസഭയിലെ പ്രധാന വകുപ്പുകളും സ്വാധീനമുള്ള സ്ഥാനങ്ങളും കെ.സി പക്ഷത്തുള്ള നേതാക്കൾക്കായി ഉറപ്പിച്ചുവെന്ന വിലയിരുത്തലാണ് കോൺഗ്രസ് വൃത്തങ്ങളിൽ ഉയരുന്നത്.
വി.ഡി. സതീശനോട് അടുത്ത ബന്ധമുള്ളവരായി കണക്കാക്കിയിരുന്ന വി.ടി. ബൽറാം, എം. വിൻസെന്റ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ മന്ത്രിസഭയിൽ ഇടംനേടാതെ പുറത്തായി. പാലക്കാട് ജില്ലയിൽ നിന്നുള്ള വനിതാ പ്രതിനിധിയായി കെ.എ. തുളസിയെ ഉൾപ്പെടുത്തിയതോടെയാണ് ബൽറാമിന്റെ സാധ്യത അവസാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം രമേശ് ചെന്നിത്തല , വി.ഡി. സതീശൻ എന്നിവർ മുന്നോട്ടുവച്ച ചില പേരുകളും അവസാനഘട്ടത്തിൽ ഒഴിവാക്കപ്പെട്ടു. ഒ.ജെ. ജനീഷ്, റോജി എം. ജോൺ, ടി. സിദ്ദിഖ് തുടങ്ങിയവർ അവസാന നിമിഷം മന്ത്രിസഭയിൽ ഇടംപിടിച്ചു.
മന്ത്രിസഭയിലെ പ്രധാന വകുപ്പുകളായ ആഭ്യന്തരം, ആരോഗ്യം, റവന്യൂ എന്നിവയിൽ കെ.സി പക്ഷത്തിന്റെ സ്വാധീനം ശക്തമാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ആരോഗ്യമന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലുണ്ടായിരുന്ന കെ മുരളീധരൻ അതൃപ്തിയിലാണെന്ന റിപ്പോർട്ടുകളും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റിമറിച്ച മന്ത്രിസഭാ രൂപീകരണം കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്കും അതൃപ്തികൾക്കും കാരണമായിരിക്കുകയാണ്.
