സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മന്ത്രി ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ . കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് പലരെയും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടുവെന്നും, അമ്പലപ്പുഴയിലും എൽഡിഎഫിനെതിരെ സമാന നിലപാട് സ്വീകരിച്ചുവെന്നും യു പ്രതിഭ ആരോപിച്ചു.
“ഇയാൾ എന്താ കുട്ടിച്ചാത്തനാണോ?” എന്ന പരാമർശവും ജില്ലാ കമ്മിറ്റി യോഗത്തിൽ യു പ്രതിഭ നടത്തി . 2021 നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയല്ലാതിരുന്നിട്ടും ജി സുധാകരൻ പണം പിരിച്ചുവെന്നും, അതിന്റെ കണക്ക് പാർട്ടിക്ക് നൽകിയിട്ടില്ലെന്നും അവർ ആരോപിച്ചു.
ഈ വിവരങ്ങൾ പാർട്ടി ജനങ്ങളിൽ നിന്ന് മറച്ചുവച്ചുവെന്നും, അതിന്റെ പ്രതിഫലമാണ് ഇപ്പോൾ പാർട്ടിക്ക് ലഭിക്കുന്നതെന്നും യു പ്രതിഭ വിമർശിച്ചു.
അതേസമയം, വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നതായും യു പ്രതിഭ ജില്ലാ കമ്മിറ്റിയെ അറിയിച്ചു. മകനെ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നും, അസത്യാരോപണങ്ങൾ ഉന്നയിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനടപടിക്ക് അനുമതി തേടിയത്. എന്നാൽ ഇതിൽ ജില്ലാ നേതൃത്വം വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് വിവരം.
“പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും, മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നുവെന്നും” വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടെ, യു പ്രതിഭക്കെതിരെയും ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ പാർട്ടി പ്രവർത്തകരെ തോൽവിക്ക് പിന്നാലെ അപമാനിച്ചുവെന്ന ആരോപണമാണ് ഉയർന്നത്. “പ്രവർത്തകർ പണിയെടുത്തില്ലെന്ന് പറയാൻ എന്ത് അടിസ്ഥാനമാണുള്ളത്?” എന്ന ചോദ്യവും യോഗത്തിൽ ഉയർന്നു. കായംകുളത്ത് യു പ്രതിഭക്കെതിരെ ശക്തമായ വികാരം ഉണ്ടായിരുന്നുവെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
