പെട്രോൾ-ഡീസൽ വില വർധനവിൽ കേന്ദ്ര- സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ധനവില ഉയർത്തി കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും, ഇത്തരം സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കുമോയെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ഇന്ധനവില കൂടുമ്പോൾ “സംസ്ഥാനം നികുതി കുറയ്ക്കണം” എന്നാവശ്യപ്പെട്ട് സമരം നടത്തിയവർ ഇന്ന് അധികാരത്തിലാണെന്ന് പിണറായി വിമർശിച്ചു. അന്നത്തെ വാദങ്ങൾ ഇപ്പോൾ പ്രാവർത്തികമാക്കാനും, കേന്ദ്ര സർക്കാരിനെതിരെ ശക്തമായി പ്രതികരിക്കാനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രെന്റ് ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ താഴ്ന്നുകൊണ്ടിരിക്കുമ്പോഴും രാജ്യത്ത് ഇന്ധനവില ഉയർത്തുന്നത് പകൽക്കൊള്ളയാണെന്ന് പിണറായി ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുവെച്ച്, വോട്ടെടുപ്പ് കഴിഞ്ഞാൽ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന ബിജെപിയുടെ പതിവ് തട്ടിപ്പാണ് വീണ്ടും ആവർത്തിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
