മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായി രത്തൻ യു ഖേൽക്കർ; നിയമന ഉത്തരവ് പുറത്തിറങ്ങി

കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വിഡി സതീശന്റെ ഓഫീസ് സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിയമന ഉത്തരവ് ഇന്ന് വൈകിട്ടാണ് പുറത്തിറങ്ങിയത്. 2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രത്തൻ യു ഖേൽക്കർ നിലവിൽ സംസ്ഥാനത്തിന്റെ ചീഫ് ഇലക്ടറൽ ഓഫീസറായാണ് പ്രവർത്തിക്കുന്നത്.

കർണാടക സ്വദേശിയായ രത്തൻ യു ഖേൽക്കർ കണ്ണൂർ ജില്ലാ കളക്ടറായും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഡയറക്ടറായും ഉൾപ്പെടെ വിവിധ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2024 ഡിസംബർ 4നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചത്.

മുഖ്യമന്ത്രി വി ഡി സതീശനാണ് രത്തൻ ഖേൽക്കറിന്റെ പേര് നിർദേശിച്ചത്. എന്നാൽ നിയമനത്തിനെതിരെ സിപിഐഎം ഉൾപ്പെടെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇതിനുപുറമെ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെയും നിയമന ഉത്തരവ് നേരത്തെ പുറത്തിറക്കിയിരുന്നു. ആകെ 20 പേരെയാണ് പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയമിച്ചത്. ശ്രീകുമാർ ടിയെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും സി ജി ജി എസിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചു. റോയ് മാത്യുസാണ് മീഡിയ സെക്രട്ടറി. തിലകൻ കെ പി കെ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവരെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു.

മറുപടി രേഖപ്പെടുത്തുക