ചികിത്സയിലായിരുന്നയാൾക്ക് എങ്ങനെ വിദേശത്ത് പോയി ജോലി ചെയ്യാനാകും?; ടോമിൻ തച്ചങ്കരിയോട് ഹൈക്കോടതി

മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ വിദേശയാത്രാ അനുമതിയുമായി ബന്ധപ്പെട്ട ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട തച്ചങ്കരി ചികിത്സയിലായിരുന്നുവെന്നും അങ്ങനെയെങ്കിൽ എങ്ങനെ വിദേശത്ത് പോയി ജോലി ചെയ്യാനാകുമെന്നും കോടതി ചോദിച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ പരാമർശങ്ങൾ.

യുഎഇയിൽ ജോലി ലഭിച്ചിട്ടുണ്ടെന്നും ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നുമാണ് തച്ചങ്കരിയുടെ വാദം. ഷാർജയിലെ ഒരു ജ്വല്ലറി ഗ്രൂപ്പിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുന്ന താൻ ദുബായിലെ ഐടി കൺസൾട്ടൻസി സ്ഥാപനത്തിൽ പങ്കാളിയുമാണെന്ന് ഹർജിയിൽ പറയുന്നു. ഉപജീവനമാർഗം നഷ്ടപ്പെടാതിരിക്കാൻ യുഎഇയിലേക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി നൽകണമെന്നാണ് ആവശ്യം. ഒക്ടോബർ 26 മുതൽ 2027 മാർച്ച് 31 വരെ യുഎഇയിൽ തുടരാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് പ്രത്യേക കോടതി തച്ചങ്കരിയെ നാലുവർഷം തടവിനും 30.84 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. പിന്നീട് ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. എന്നാൽ, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. ഈ വ്യവസ്ഥയിൽ ഇളവ് തേടിയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിക്കുന്നതിനിടെ തച്ചങ്കരി നേരത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. ജയിലിൽ പ്രവേശിപ്പിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് ആശുപത്രിയിൽ പോയ വ്യക്തി പുറത്തിറങ്ങിയശേഷം വിദേശത്ത് ജോലിക്ക് പോകണമെന്ന് ആവശ്യപ്പെടുന്നതിലെ വൈരുദ്ധ്യവും കോടതി പരാമർശിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ള ഒരാൾക്ക് എങ്ങനെ വിദേശത്ത് പോയി ജോലി ചെയ്യാൻ കഴിയുമെന്നായിരുന്നു കോടതിയുടെ ചോദ്യം.

തച്ചങ്കരിയുടെ ചികിത്സാ വിവരങ്ങൾ വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കാൻ പൂജപ്പുര ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി. എത്ര ദിവസം ജയിലിലും എത്ര ദിവസം ആശുപത്രിയിലും കഴിഞ്ഞുവെന്ന വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലിൽ പോകുമ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിക്കുകയും പുറത്തിറങ്ങിയാൽ സുഖവാസം തേടുകയും ചെയ്യുന്ന സമീപനം പൊതുജനങ്ങളിൽ കോടതികളെക്കുറിച്ച് തെറ്റായ ധാരണയുണ്ടാക്കുമെന്നും എന്നാൽ ജഡ്ജിമാർക്ക് ബുദ്ധിയില്ലെന്ന് ആരും കരുതേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

വിചാരണാ വേളയിൽ വിദേശത്തായിരുന്നെങ്കിലും കോടതി ആവശ്യപ്പെട്ടപ്പോഴെല്ലാം ഹാജരായിട്ടുണ്ടെന്നും ജാമ്യവ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും തച്ചങ്കരി ഹർജിയിൽ ചൂണ്ടിക്കാട്ടി. വിദേശയാത്രയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും താൻ ഒളിവിൽ പോകാൻ സാധ്യതയുള്ളയാളല്ലെന്നും അദ്ദേഹം വാദിച്ചു. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണവും തേടിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക