നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ഗോപികയുടെ കുടുംബം; നീതി ലഭിക്കുമോയെന്ന് ആശങ്ക

നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ നീതി ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് മരിച്ച ഗോപികയുടെ മാതാപിതാക്കൾ. ഗുരുതരമായ കുറ്റം ചെയ്ത പ്രതി സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സംശയിക്കുന്നുവെന്നും ഗോപികയുടെ പിതാവ് പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. മകൾക്ക് നീതി നിഷേധിക്കപ്പെടുമോയെന്ന ഭയത്തിലാണ് കുടുംബമെന്ന് ഗോപികയുടെ അമ്മയും പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ഉദ്യോഗസ്ഥർക്ക് മേൽനിലയിൽനിന്ന് സമ്മർദമുണ്ടാകുന്നതായി പറയപ്പെടുന്നുണ്ടെന്നും പ്രദീപ് ആരോപിച്ചു. പ്രതിയും കുടുംബവും ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ടവരാണെന്നാണ് താൻ മനസ്സിലാക്കിയതെന്നും അവരുടെ സ്വാധീനം കേസിനെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിനുശേഷം എല്ലാം പിതാവ് നോക്കിക്കൊള്ളുമെന്ന തരത്തിൽ സുഹൈൽ പറഞ്ഞതായും പ്രദീപ് ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളിലും കുടുംബം സംശയം പ്രകടിപ്പിച്ചു. പ്രതി മദ്യപിച്ചിരുന്നതായി ആദ്യ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്ന് പ്രദീപ് പറഞ്ഞു. രാവിലെ 6.45ന് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ സുഹൈൽ ലോക്കപ്പിൽ കിടക്കുകയായിരുന്നുവെന്നും സിഐ വിളിച്ചുണർത്തുമ്പോൾ പോലും പ്രതി മദ്യലഹരിയിലാണെന്ന് അദ്ദേഹം പറഞ്ഞത് ബന്ധുക്കൾ കേട്ടിരുന്നുവെന്നും പ്രദീപ് അവകാശപ്പെട്ടു. പോസ്റ്റ്‌മോർട്ടത്തിനുശേഷം തുന്നിക്കെട്ടൽ അഴിച്ച് വീണ്ടും രക്തസാംപിളുകൾ ശേഖരിച്ചതിലും സംശയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ തനിക്കും കുടുംബത്തിനുമെതിരെ അപവാദപ്രചാരണം നടക്കുന്നുണ്ടെന്നും പ്രദീപ് പറഞ്ഞു. കെഎംഎം കോളജിൽ വൈസ് ചെയർപേഴ്‌സണായിരുന്ന ഗോപിക അഞ്ചുവർഷത്തോളം എൻഎസ്എസ് വളണ്ടിയറായും സാമൂഹികപ്രവർത്തനങ്ങളിലും സജീവമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നീതി ലഭിക്കുന്നതിന് തടസ്സമാകുന്നുവെന്നും ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ നേതാക്കളുണ്ടെന്നുമാണ് പ്രദീപിന്റെ ആരോപണം. നേതാക്കൾ മാന്യത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓട്ടോറിക്ഷ ഓടിച്ചാണ് താൻ കുടുംബം പോറ്റുന്നതെന്നും ഗോപികയുടെ അമ്മ റബർ കടയിൽ ജോലിക്ക് പോകുകയാണെന്നും പ്രദീപ് പറഞ്ഞു. പ്രതിയുടെ കുടുംബത്തിന് വലിയ സാമ്പത്തികശേഷിയും സ്വാധീനവുമുണ്ടെന്നതിനാൽ നീതി ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മകളുടെ വേർപാടിൽ തകർന്ന ഗോപികയുടെ അമ്മയും നീതി ലഭിക്കുമോയെന്ന ആശങ്ക പങ്കുവച്ചു. മകളുടെ മുഖം പോലും കാണാൻ കഴിയാത്തവിധം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പറഞ്ഞ അവർ, മകളില്ലാതെ ഇനി എങ്ങനെ ജീവിക്കുമെന്നറിയില്ലെന്നും കണ്ണീരോടെ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക