ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതിയുടെ ഉത്തരവ്. സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂറിനെ കേരള ഗവർണറായും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട് ഗവർണറായും നിയമിച്ചു.
ബ്രിജ് റാം മോഹനെ ഒഡിഷ ഗവർണറായും ഡോ. സുധ യാദവിനെ കർണാടക ഗവർണറായും നിയമിച്ചു. ദുഷ്യന്ത് ഗൗതമിനാണ് സിക്കിമിന്റെ ചുമതല. ആറ് സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ.
രാജസ്ഥാൻ സ്വദേശിയായ ഓം പ്രകാശ് മാഥൂർ ബിജെപി സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. 2025 ജനുവരി രണ്ടിനാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരള ഗവർണറായി ചുമതലയേറ്റത്. അന്നത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാർ ഗവർണറായി നിയമിച്ചതിനെ തുടർന്നായിരുന്നു അർലേക്കറുടെ കേരളത്തിലേക്കുള്ള നിയമനം.
സംസ്ഥാന സർക്കാരും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും തമ്മിൽ വിവിധ വിഷയങ്ങളിൽ പലതവണ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നു. ഭാരതാംബയുടെ ചിത്രം, വന്ദേമാതരം തുടങ്ങിയ വിഷയങ്ങൾ ഇതിൽ പ്രധാനമായിരുന്നു. പുതിയ നിയമനത്തോടെ കേരളത്തിലെ ഗവർണർ പദവിയിൽ വീണ്ടും മാറ്റം വരികയാണ്.
