സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ പരിഹസിച്ച് സിപിഐഎം നേതാവ് പി. രാജീവ്. ‘രാജ്യമാകെ എസ്ഐആർ, ഇവിടെ എഫ്ഐആർ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസിന് പിന്നിൽ ബിജെപിയുമായുള്ള രാഷ്ട്രീയ ധാരണയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യത്തിൽ കോടതി ഇടപെട്ടെന്നും രാജീവ് ആരോപിച്ചു.
പ്രാഥമിക പരിശോധന നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്നും കോടതി അതിൽ ഇടപെടേണ്ടതില്ലെന്നുമാണ് പി. രാജീവിന്റെ നിലപാട്. കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് പോലും നൽകാതെയാണ് നടപടിയുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തിലെ രാഷ്ട്രീയ താൽപര്യം കോൺഗ്രസ് തിരിച്ചറിയുന്നില്ലെന്നും ബിജെപിക്ക് വിധേയമാകാനാണ് കേരളത്തിലെ കോൺഗ്രസിന്റെ ശ്രമമെന്നും രാജീവ് ആരോപിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരു റിപ്പോർട്ട് നൽകിയാൽ കോൺഗ്രസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു.
സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനെതിരെ വിജിലൻസ് അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാസപ്പടി ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ മകൾ ടി. വീണയാണ് രണ്ടാം പ്രതി.
മറ്റൊരു കേസിൽ പി.എ. മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയായും ടി. വീണയെ രണ്ടാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട് നടത്തിയെന്ന ആരോപണമാണ് ഈ കേസുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത്. പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക.
