നീണ്ട രക്തച്ചൊരിച്ചിലിന് കാരണമായ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അയച്ച തുറന്ന കത്ത് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്വീകരിച്ച് പൂർണ്ണമായി വായിച്ചതായി റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക ആസ്ഥാനമായ ക്രെംലിൻ വെളിപ്പെടുത്തി.
റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ടാസ്’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറം സമ്മേളനത്തിനിടെ പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവാണ് ഈ സുപ്രധാന വിവരം സ്ഥിരീകരിച്ചത്.
യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള നയതന്ത്ര ചർച്ചകൾ മാത്രമാണ് ഏക മാർഗമെന്ന് സെലെൻസ്‌കി കത്തിൽ വ്യക്തമാക്കുന്നു.
യുക്രെയ്ൻ പ്രസിഡന്റിന്റെ ഈ നാടകീയ നീക്കത്തോട് അനുകൂലമായ ഭാഷയിലാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുനരാരംഭിക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
“നിലവിലെ സ്തംഭനാവസ്ഥ ഉടൻ അവസാനിക്കുകയും ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ ഞങ്ങൾ ഇതിനകം തന്നെ പലവിധത്തിൽ അമേരിക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രസിഡന്റ് പുടിൻ എപ്പോഴും ചർച്ചകൾക്ക് തയ്യാറാണ്. റഷ്യയുമായി സംസാരിക്കില്ല എന്ന നിലപാട് യൂറോപ്യൻ രാജ്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകണം. അവർ വിളിച്ച് സംസാരിച്ചാൽ മാത്രം മതിയാകും.”- അദ്ദേഹം പറഞ്ഞു.
എന്നാൽ , റഷ്യയും യുക്രെയ്നും തമ്മിലുള്ള നിലവിലെ സംഘർഷങ്ങൾ വളരെ സങ്കീർണ്ണമാണെന്നും അതുകൊണ്ട് തന്നെ പ്രശ്നപരിഹാരം അത്ര എളുപ്പത്തിൽ സാധ്യമാകില്ലെന്നും പെസ്കോവ് കൂട്ടിച്ചേർത്തതായി ‘ടാസ്’ റിപ്പോർട്ട് ചെയ്തു. ലോക നേതാക്കളിൽ നിന്ന് ഈ കത്തിന് ലഭിച്ച പ്രതികരണങ്ങളെക്കുറിച്ച് പുടിനെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെന്നും ക്രെംലിൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധമുഖത്ത് ഈ നീക്കം എന്ത് മാറ്റമുണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
