സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ഗവർണർക്കെതിരെ പിണറായി; ആർഎസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന് ആരോപണം

പ്രതിപക്ഷ നേതാവ് പിണറായി വിഹായൻ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം ഗവർണർ അട്ടിമറിച്ചുവെന്നാണ് പിണറായിയുടെ ആരോപണം. എൽഡിഎഫ് സർക്കാർ പുതിയ കമ്മീഷണറെ തീരുമാനിച്ച് നിയമന ഉത്തരവിനായുള്ള ഫയൽ ഗവർണർക്ക് അയച്ചിരുന്നുവെങ്കിലും അത് മാറ്റിവെച്ചതായി അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ ഗവർണർ ഹൈക്കോടതിയുടെ സമ്മതപത്രം ആവശ്യപ്പെട്ടതായും, അത് നൽകിയിട്ടും നിയമനം നടത്താൻ തയ്യാറായില്ലെന്നും പിണറായി ആരോപിച്ചു. നിലവിൽ യുഡിഎഫ് സർക്കാർ പുതിയ പേര് നിർദേശിച്ചിരിക്കുകയാണെന്നും ഇത് നിയമന പ്രക്രിയയിലെ അട്ടിമറിയാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ആർഎസ്എസ്-സംഘപരിവാർ താൽപര്യങ്ങളെ ഗവർണർ പ്രോത്സാഹിപ്പിക്കുകയാണെന്നും അതിനെതിരെ ശബ്ദമുയർത്താൻ യുഡിഎഫ് സർക്കാർ തയ്യാറാകുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി. ഗവർണറുടെ നിർബന്ധപ്രകാരമാണ് പല തീരുമാനങ്ങളും എടുത്തതെന്ന വിശദീകരണം സർക്കാർ നൽകുന്നുണ്ടെങ്കിലും അത് വിശ്വസനീയമായ ന്യായീകരണമല്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയതിനു ശേഷം മതനിരപേക്ഷ നിലപാടുകളിൽ വിട്ടുവീഴ്ച സംഭവിച്ചുവെന്ന ആരോപണവും പിണറായി ഉന്നയിച്ചു. എല്ലാവരും എതിർക്കുന്ന വന്ദേമാതരത്തിന്റെ പൂർണരൂപം ചൊല്ലിയ സംഭവത്തെ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആർഎസ്എസ് നയങ്ങൾ സ്വീകരിച്ചതിന്റെ ഫലമായാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നതെന്ന് വിമർശിച്ചു.

കൂടാതെ, എംജി യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലറായി ആർഎസ്എസുമായി ബന്ധപ്പെട്ട വ്യക്തിയെ നിയമിച്ചുവെന്നും പിണറായി ആരോപിച്ചു. ഗവർണർ ആർഎസ്എസ്-സംഘപരിവാർ താൽപര്യങ്ങൾ സംരക്ഷിക്കുമ്പോൾ സർക്കാർ അതിനെതിരെ നിലപാട് സ്വീകരിക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു. മുൻ എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്നുതന്നെ യുഡിഎഫിന്റെ രാഷ്ട്രീയ സമീപനം വ്യക്തമാകുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

മറുപടി രേഖപ്പെടുത്തുക