എത്തനോൾ കലർത്തിയ E20 പെട്രോൾ വാഹനങ്ങൾക്ക് ദോഷകരമാണെന്നും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നുവെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം. ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ശാസ്ത്രീയ അടിസ്ഥാനമില്ലാത്തതും പ്രമുഖ ഓട്ടോമൊബൈൽ ഗവേഷണ സ്ഥാപനങ്ങളുടെ പഠനങ്ങളോട് വിരുദ്ധവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
E20 ഇന്ധനം ഉപയോഗിക്കുന്നത് കാർബൺ മോണോക്സൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ പുറന്തള്ളലുകൾ ഗണ്യമായി കുറയ്ക്കുന്നുവെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ ഓയിൽ, എആർഎഐ, ഐഐപി-ഡെറാഡൂൺ, സിയാം എന്നിവ ചേർന്ന് നടത്തിയ പഠനങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ കാർബൺ മോണോക്സൈഡ് പുറന്തള്ളൽ ഏകദേശം 50 ശതമാനവും നാലുചക്രവാഹനങ്ങളിൽ 30 ശതമാനവും കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കത്തിക്കാതെ പുറത്തേക്ക് പോകുന്ന ഹൈഡ്രോകാർബൺ പുറന്തള്ളലിലും ഏകദേശം 20 ശതമാനം കുറവുണ്ടായതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
E20 പെട്രോൾ ഉപയോഗിക്കുന്നത് എഞ്ചിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നതും വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയ്ക്കുമെന്നതും തെറ്റായ പ്രചാരണമാണെന്ന് മന്ത്രാലയം പറഞ്ഞു. എഞ്ചിൻ പ്രകടനം, ഡ്രൈവബിലിറ്റി, സ്റ്റാർട്ടബിലിറ്റി, മെറ്റൽ-പ്ലാസ്റ്റിക് അനുയോജ്യത തുടങ്ങിയ മേഖലകളിൽ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിശദീകരിച്ചു.
E20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മികച്ച ത്വരണശേഷിയും മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവവും ലഭിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സാധാരണ പെട്രോളിനെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ ഏകദേശം 30 ശതമാനം വരെ കുറയ്ക്കാനും E20 സഹായിക്കുന്നുവെന്നാണ് വിലയിരുത്തൽ.
E20 ഇന്ധനത്തിന്റെ മണം മൂലം ഉറുമ്പുകളോ തേനീച്ചകളോ ഇന്ധന ടാങ്കുകളിലേക്ക് ആകർഷിക്കപ്പെടുമെന്ന സോഷ്യൽ മീഡിയ പ്രചാരണവും അടിസ്ഥാനരഹിതമാണെന്ന് സർക്കാർ വ്യക്തമാക്കി. പെട്രോളിൽ ഉപയോഗിക്കുന്ന ഇന്ധന ഗ്രേഡ് എത്തനോളിൽ പഞ്ചസാരയുടെ സാന്നിധ്യമില്ലെന്നും പ്രാണികളെ അകറ്റുന്ന പ്രത്യേക ഡീനാച്ചുറന്റുകൾ ചേർക്കുന്നുണ്ടെന്നും ബിപിസിഎൽ നടത്തിയ പരിശോധനകൾ വ്യക്തമാക്കുന്നു.
E20 ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് അല്ലെങ്കിൽ വാറന്റി പരിരക്ഷ നഷ്ടമാകുമെന്ന വാദവും മന്ത്രാലയം തള്ളി. നിർമാതാക്കൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾക്ക് സാധാരണ പെട്രോൾ വാഹനങ്ങൾക്ക് ലഭിക്കുന്ന അതേ വാറന്റി പരിരക്ഷ തുടരുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM) വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
എത്തനോൾ ഉൽപാദനത്തിനായി അമിതമായി വെള്ളം ചെലവഴിക്കുന്നുവെന്ന ആരോപണവും സർക്കാർ നിഷേധിച്ചു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത മിച്ച അരിയും പഞ്ചസാര ഉൽപാദനത്തിന് ശേഷമുള്ള അധിക കരിമ്പ് ഉൽപന്നങ്ങളുമാണ് പ്രധാനമായും എത്തനോൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കി. കൂടാതെ കുറഞ്ഞ ജല ഉപഭോഗമുള്ള ചോളം പോലുള്ള വിളകളെ എത്തനോൾ ഉൽപാദനത്തിനായി പ്രോത്സാഹിപ്പിക്കുന്ന നയവും സർക്കാർ നടപ്പിലാക്കുന്നുണ്ട്.
കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുക, പഞ്ചസാര മേഖലയിലെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുക, ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുക, രാജ്യത്തിന്റെ ഇന്ധന ഇറക്കുമതി ആശ്രയത്വം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എത്തനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ E20 മിശ്രിതത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്ന ഘട്ടത്തിലാണെന്നും ഭാവിയിൽ എത്തനോൾ മിശ്രിതത്തിന്റെ അളവ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കും വാഹന നിർമാതാക്കളുമായുള്ള ചർച്ചകൾക്കും ശേഷമേ സ്വീകരിക്കുകയുള്ളൂവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
