പൈറേറ്റഡ് സിനിമകൾക്കെതിരെ നടപടി ശക്തമാക്കാൻ ടെലിഗ്രാമിന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്

മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിലൂടെ പൈറേറ്റഡ് സിനിമകളും അനധികൃത ഓഡിയോ-വിഷ്വൽ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ടെലിഗ്രാമിന് നോട്ടീസ് നൽകി. 15 ദിവസത്തിനകം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെട്ട ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

നിയമലംഘനമുള്ള ഉള്ളടക്കങ്ങൾ കണ്ടെത്തുക, റിപ്പോർട്ട് ചെയ്യുക, ആക്‌സസ് തടയുക, ആവശ്യമായ സാഹചര്യങ്ങളിൽ നീക്കം ചെയ്യുക തുടങ്ങിയ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പൈറേറ്റഡ് സിനിമകൾ, വെബ് സീരീസുകൾ, മറ്റ് പകർപ്പവകാശ സംരക്ഷിത ഉള്ളടക്കങ്ങൾ എന്നിവ ടെലിഗ്രാം ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ, അക്കൗണ്ടുകൾ എന്നിവ വഴി പ്രചരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

1957-ലെ പകർപ്പവകാശ നിയമവും 1952-ലെ സിനിമാട്ടോഗ്രാഫ് നിയമവും അനുസരിച്ച് പകർപ്പവകാശ ലംഘനം ക്രിമിനൽ കുറ്റമാണ്. കൂടാതെ, 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടും 2021-ലെ ഐടി ചട്ടങ്ങളും അനുസരിച്ച് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നിയമവിരുദ്ധ ഉള്ളടക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ട ബാധ്യതയുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

ആവർത്തിച്ച് നിയമലംഘനം നടത്തുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ, അഡ്മിനിസ്ട്രേറ്റർമാർ, അനുബന്ധ അക്കൗണ്ടുകൾ എന്നിവയ്‌ക്കെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ഓരോ പരാതിയെയും പ്രത്യേകം പരിഗണിച്ച് ഉള്ളടക്കം നീക്കം ചെയ്യുന്ന നിലവിലെ പ്രതികരണരീതിക്ക് പകരം, മുൻകൂട്ടി നിയമലംഘനങ്ങൾ കണ്ടെത്തി തടയുന്ന സംവിധാനങ്ങൾ നടപ്പാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം.

മറുപടി രേഖപ്പെടുത്തുക