കോൺഗ്രസിൽ വീണ്ടും ബന്ധുനിയമന വിവാദം തലപൊക്കുന്നു. ഭാര്യയുടെ ബിസിനസ് പങ്കാളിക്കായി മന്ത്രി ടി. സിദ്ദിഖ് ശുപാർശ നടത്തിയെന്ന ആരോപണമാണ് പാർട്ടിക്കുള്ളിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മന്ത്രിയുടെ ഭാര്യയുടെ ബിസിനസ് പങ്കാളിയായ പ്രണവ് ഹരിയെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ ശുപാർശ നൽകിയെന്നാണ് ഉയരുന്ന വിമർശനം.
വിഷയം പുറത്തുവന്നതോടെ വയനാട് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനകത്ത് കടുത്ത പ്രതിഷേധം ഉയർന്നു. നേരത്തെ ബന്ധുനിയമന ആരോപണങ്ങൾ വിവാദമായ സാഹചര്യത്തിൽ, ഇനി ബിസിനസ് പങ്കാളികൾക്കായുള്ള നിയമനങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയതായാണ് വിവരം.
കല്പറ്റയിലെ യുവ കോൺഗ്രസ് നേതാക്കളും വിഷയത്തിൽ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയിലെ നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തുന്നത് പ്രവർത്തകരിൽ അസംതൃപ്തി വർധിപ്പിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പരാതി ഉയർന്നിട്ടും വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് വിമർശനം. നിയമന ശുപാർശ സംബന്ധിച്ച വിവാദം പാർട്ടിക്കുള്ളിൽ കൂടുതൽ ചർച്ചകൾക്കും അഭിപ്രായ ഭിന്നതകൾക്കും വഴിവെച്ചിരിക്കുകയാണ്.
