ഹോർമുസിൽ ഇറാനെതിരെ യുഎസിന്റെ വൻ വ്യോമാക്രമണം, എണ്ണ ഇളവുകളും പിൻവലിച്ചു

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഇറാനെതിരെ അമേരിക്ക വൻ സൈനിക നടപടിയുമായി രംഗത്തെത്തി. ചൊവ്വാഴ്ച 80-ലധികം ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് വ്യോമാക്രമണം നടത്തിയതോടൊപ്പം, ഇറാന്റെ എണ്ണ കയറ്റുമതിക്ക് നൽകിയിരുന്ന പ്രധാന ഇളവുകളും പിൻവലിച്ചു.

കഴിഞ്ഞ മാസം നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷമുള്ള അമേരിക്കയുടെ ഏറ്റവും ശക്തമായ സൈനിക പ്രതികരണമാണിത്. ഹോർമുസ് കടലിടുക്കിലും സമീപ പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്ന ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങൾ, തീരദേശ റഡാർ സംവിധാനങ്ങൾ, കപ്പൽവിരുദ്ധ മിസൈൽ ശേഷികൾ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) 60-ലധികം ചെറുബോട്ടുകൾ എന്നിവയാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടത്.

വാണിജ്യ കപ്പലുകൾക്കെതിരായ ഇറാന്റെ പുതിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഓപ്പറേഷൻ നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന അന്താരാഷ്ട്ര വാണിജ്യത്തെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി തകർക്കുകയാണ് ലക്ഷ്യമെന്നും സെൻട്രോം വ്യക്തമാക്കി.

മാർഷൽ ദ്വീപുകളുടെ പതാകയുള്ള എം/ടി അൽ റെകയ്യാത്ത്, സൗദി അറേബ്യയുടെ എം/ടി വെഡ്യാൻ, ലൈബീരിയയുടെ എം/ടി സൈപ്രസ് പ്രോസ്പെരിറ്റി എന്നീ കപ്പലുകൾക്കാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് പെന്റഗൺ ആരോപിച്ചു. ഇത് വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും നാവിഗേഷൻ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഗുരുതര വെല്ലുവിളിയാണെന്നും യുഎസ് പ്രതികരിച്ചു.

ഇതിനൊപ്പം സാമ്പത്തിക സമ്മർദ്ദവും ശക്തമാക്കുന്ന നടപടിയായി ഇറാനിയൻ എണ്ണ, പെട്രോളിയം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഉത്പാദനത്തിനും വിൽപ്പനയ്ക്കും നൽകിയിരുന്ന പ്രത്യേക ട്രഷറി ലൈസൻസ് അമേരിക്ക റദ്ദാക്കി. പുതിയ ഉത്തരവ് പ്രകാരം ജൂലൈ 17 വരെ പരിമിതമായ ഇടപാടുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. ജൂലൈ 7 ന് ശേഷം ഇറാനിയൻ എണ്ണയോ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളോ പുതുതായി വാങ്ങുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ചാൽ കൂടുതൽ സൈനിക നടപടികൾ സ്വീകരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. സൈനിക ആക്രമണവും സാമ്പത്തിക ഉപരോധവും ഒരുമിച്ച് പ്രയോഗിച്ച് ഇറാനെതിരെ സമ്മർദ്ദം ശക്തമാക്കാനാണ് യുഎസ് ഭരണകൂടത്തിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക