സർക്കാർ സ്കൂളുകളിലെ രാവിലെ അസംബ്ലികളിൽ സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരു മന്ത്രം തുടങ്ങിയ പ്രാർത്ഥനകൾ ഉൾപ്പെടുത്താൻ നിർദേശിച്ച സംസ്ഥാന സർക്കാരിന്റെ സർക്കുലറിനെതിരായ ഹർജി ഛത്തീസ്ഗഢ് ഹൈക്കോടതി തള്ളി. മൗലികാവകാശ ലംഘനം നടന്നതായി വ്യക്തമായ തെളിവുകൾ ഹർജിക്കാർ ഹാജരാക്കിയിട്ടില്ലെന്നും, നിലവിലെ സാഹചര്യത്തിൽ ഹർജി അകാലമാണെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സർക്കുലറിൽ വിദ്യാർത്ഥികളെ അവരുടെ മതവിശ്വാസങ്ങൾക്കും മനസ്സാക്ഷിക്കും വിരുദ്ധമായി പ്രവർത്തിക്കാൻ നിർബന്ധിക്കുന്ന തരത്തിലുള്ള നിർദേശങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് നിർബന്ധിതമായി പ്രാർത്ഥനകളിൽ പങ്കെടുക്കേണ്ട സാഹചര്യമുണ്ടെന്നോ, മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ അവകാശം ലംഘിക്കപ്പെട്ടെന്നോ തെളിയിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കുലർ ഒറ്റനോട്ടത്തിൽ പരിശോധിക്കുമ്പോൾ നിർദ്ദിഷ്ട പാരായണങ്ങളിൽ നിർബന്ധിത പങ്കാളിത്തം ആവശ്യപ്പെടുന്നതായി കാണുന്നില്ലെന്നും അതിനാൽ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട മതസ്വാതന്ത്ര്യത്തെ അത് ബാധിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ജൂൺ 12-ന് ഛത്തീസ്ഗഢ് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് സർക്കാർ സ്കൂളുകളിലെ അസംബ്ലികളിൽ ദേശീയഗാനം, ദേശീയഗീതം, ദീപമന്ത്രം, സരസ്വതി വന്ദനം, ഗുരു മന്ത്രം എന്നിവ ഉൾപ്പെടുത്താൻ നിർദേശിച്ചത്. കൂടാതെ പ്രമുഖ വ്യക്തികളുടെ ജീവചരിത്രങ്ങൾ വായിക്കുക, ഉച്ചഭക്ഷണത്തിന് മുമ്പ് ഭോജന മന്ത്രം ചൊല്ലുക, സ്കൂൾ അവസാനിക്കുന്നതിന് മുമ്പ് ഗായത്രി മന്ത്രവും ശാന്തി മന്ത്രവും പാരായണം ചെയ്യുക തുടങ്ങിയ നിർദേശങ്ങളും സർക്കുലറിലുണ്ടായിരുന്നു.
സംസ്ഥാന ധനസഹായത്തോടെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ പ്രബോധനം നിരോധിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 28(1) ലംഘിക്കുന്നതാണ് സർക്കുലറെന്ന ഹർജിക്കാരുടെ വാദവും കോടതി തള്ളി. മതപരമായ ആചാരങ്ങളെയും ആരാധനാരീതികളെയും പഠിപ്പിക്കുന്നതിനെതിരെയാണ് ആർട്ടിക്കിൾ 28(1) ബാധകമാകുന്നതെന്നും, ധാർമ്മിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പഠനങ്ങളെ അത് വിലക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
‘മതപരമായ പ്രബോധനം’ എന്നതിന് പരിമിതമായ അർത്ഥമാണുള്ളതെന്നും, പൗരത്വബോധം, സാമൂഹിക ഐക്യം, ക്രമസമാധാനം എന്നിവ വളർത്തുന്ന ധാർമ്മിക പ്രബോധനത്തെ ഭരണഘടന നിരോധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ മുൻ ചെയർമാൻ അബ്ദുൾ സലാം റിസ്‌വി, ന്യൂനപക്ഷ വകുപ്പ് മുൻ ചെയർമാൻ മഹേന്ദ്ര ഛബ്ദ, സാമൂഹിക പ്രവർത്തകൻ ഷഫീഖ് അഹമ്മദ് എന്നിവരാണ് ഹർജി സമർപ്പിച്ചത്. ഒരു മതവുമായി ബന്ധപ്പെട്ട പ്രാർത്ഥനകൾ മാത്രം പ്രോത്സാഹിപ്പിക്കുകയും മറ്റ് മതങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിലൂടെ സർക്കുലർ ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയെ ലംഘിക്കുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. പങ്കെടുക്കാൻ താൽപര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഇളവ് നൽകുന്ന സംവിധാനവും സർക്കുലറിൽ ഇല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, നിർദേശിച്ചിരിക്കുന്ന മന്ത്രങ്ങളും പ്രാർത്ഥനകളും മതപ്രബോധനമല്ലെന്നും, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും സർവമാനവിക ധാർമ്മിക മൂല്യങ്ങളെയും പ്രതിനിധീകരിക്കുന്നതാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഈ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.
