സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർവകലാശാലകളെയും കാവിവൽക്കരിക്കാനുള്ള ഒരു നീക്കവും സർക്കാർ അനുവദിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. എംജി സർവകലാശാലയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ അടുത്തിടെ വൈസ് ചാൻസലറെ നിയമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഗവർണർ ഇടപെടുന്ന സാഹചര്യം എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ആരംഭിച്ചതെന്ന് മന്ത്രി ആരോപിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ മുമ്പ് ഇത്തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാൻസലർ നിയമന വിഷയത്തിൽ ഗവർണറും എൽഡിഎഫും തമ്മിൽ ഒത്തുകളിയുണ്ടായിരുന്നുവെന്നും റോജി എം ജോൺ വിമർശിച്ചു. തുടക്കത്തിൽ ഗവർണർക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും പിന്നീട് അന്നത്തെ മുഖ്യമന്ത്രിയും ഗവർണറും ഒരുമിച്ച് പങ്കെടുത്ത ചായസൽക്കാരത്തിന് ശേഷം പ്രതിഷേധം അവസാനിച്ചുവെന്നും അതിന് ശേഷമാണ് ഇരുവിഭാഗങ്ങളും നിയമന നടപടികൾ മുന്നോട്ടുകൊണ്ടുപോയതെന്നും മന്ത്രി ആരോപിച്ചു.
പ്രതിപക്ഷത്തായിരുന്ന കാലത്തും വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണ ശ്രമങ്ങൾക്കെതിരെ യുഡിഎഫ് ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും ആ നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. അത്തരം നീക്കങ്ങൾ തടയുന്നതിനുള്ള എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
