നിയമസഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പത്ത് വർഷക്കാലം മികച്ച ഭരണപ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടും ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
“പാർട്ടി എന്നത് എല്ലാവരും ചേർന്നുള്ള കൂട്ടായ്മയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും പിണറായി വിജയൻ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ട സാഹചര്യമില്ല,” എന്നാണ് എം.എ. ബേബിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം പോളിറ്റ് ബ്യൂറോ യോഗത്തിൽ വിശദമായി വിലയിരുത്തിയതായും അദ്ദേഹം അറിയിച്ചു.
ഇതിനുമുമ്പ്, തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം പിണറായി വിജയനാണെന്ന് ഇടതു സഹയാത്രികനും മുൻ എംപിയുമായ സെബാസ്റ്റ്യൻ പോൾ വിമർശിച്ചിരുന്നു. പാർട്ടിക്കുള്ളിൽ ഏകാധിപത്യ ശൈലിയാണ് നിലനിൽക്കുന്നതെന്നും കേരളത്തിലെ ജനവിധി പിണറായി വിജയനെതിരായതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇത്തരം വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് എം.എ. ബേബി പാർട്ടിയുടെ നിലപാട് വിശദീകരിച്ച് രംഗത്തെത്തിയത്.
