ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണോ പെൻഷൻ കൊടുക്കാൻ പോകുന്നത് : വെള്ളാപ്പള്ളി നടേശൻ

ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് പെൻഷൻ നൽകാനുള്ള നീക്കത്തെ പരിഹസിച്ചും വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയിൽ എസ്എൻഡിപി യോഗത്തെ സഹായിക്കാൻ ഒരുപോലും സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്രിസ്ത്യൻ സിസ്റ്റർമാർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണോ പെൻഷൻ നൽകാൻ കാരണമെന്ന് ചോദിച്ച അദ്ദേഹം, മുസ്ലിം ലീഗിനെയും കേരള കോൺഗ്രസിനെയും മതപുരോഹിതന്മാരാണ് നയിക്കുന്നതെന്നും ആരോപിച്ചു. ആത്മീയ ശക്തി ഉപയോഗിച്ച് അവർ എല്ലാ നേട്ടങ്ങളും സ്വന്തമാക്കുന്നുവെന്നും രാജ്യത്ത് ജനാധിപത്യം ഇല്ലാതായി മതാധിപത്യം വന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ഇടുക്കിയിൽ ഈഴവ സമുദായത്തെ പരിഗണിച്ചില്ലെന്നും ഉടുമ്പൻചോലയിൽ എം. എം. മണിയെ പോലുള്ളവരെ നിർത്താതെ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. താൻ നീതിയെക്കുറിച്ച് സംസാരിച്ചാൽ പോലും അത് ജാതിയായി വ്യാഖ്യാനിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, വി. ഡി. സതീശൻ ടെലിവിഷനിൽ മാത്രമാണ് സജീവമെന്ന പരിഹാസവും ഉയർത്തി. രമേശ് ചെന്നിത്തലയെ അപ്രസക്തനാക്കാനാകില്ലെന്നും, തിരഞ്ഞെടുപ്പിന് പിന്നിൽ പ്രവർത്തിച്ചത് കെ. സി. വേണുഗോപാൽ ആണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അന്വേഷണങ്ങളും ‘സ്വർണ്ണവും’ അപ്രത്യക്ഷമാകുമെന്ന തന്റെ പഴയ പ്രസ്താവന ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക