മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചുവെന്ന് കെ.സി. വേണുഗോപാൽ എം.പി. വ്യക്തമാക്കി. ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതോ പ്രചാരണ ശൈലിയോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പരിഗണനയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ കെ.സി. വേണുഗോപാൽ എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഒരു സർക്കാർ ചെയ്യാൻ പാടില്ലാത്ത എല്ലാ കാര്യങ്ങളും കഴിഞ്ഞ കാലത്ത് എൽഡിഎഫ് ചെയ്തുവെന്നും, വർഗീയത ഇളക്കി വിടാനുള്ള ശ്രമങ്ങളാണ് സിപിഐഎം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ജാതി അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയത്തിന് ജനങ്ങൾ പിന്തുണ നൽകിയില്ലെന്നും തെരഞ്ഞെടുപ്പ് ഫലം അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
“സിപിഐഎം ഇനിയെങ്കിലും പാഠം പഠിക്കണം. കഴിഞ്ഞ പത്ത് വർഷമായി ഒരു രാഷ്ട്രീയ പാർട്ടി ചെയ്യാൻ പാടില്ലാത്ത രീതിയിലാണ് അവർ പ്രവർത്തിച്ചത്. ധിക്കാരപരമായ ഭരണനടപടികൾക്ക് ജനങ്ങൾ വ്യക്തമായ മറുപടി നൽകിയിരിക്കുന്നു,” എന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
ജാതിയും മതവും അല്ല, സ്ഥാനാർത്ഥിയുടെ നന്മയും പാർട്ടിയുടെ ആശയങ്ങളുമാണ് ജനങ്ങൾ വിലയിരുത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാമനപുരത്ത് സുധീർഷായ്ക്കെതിരായ പ്രതികൂല പ്രചാരണങ്ങൾ ഉണ്ടായിരുന്നിട്ടും ജനം അദ്ദേഹത്തെ വിജയിപ്പിച്ചതും, കൊച്ചിയിൽ മുഹമ്മദ് ഷിയാസിന് ലഭിച്ച വിജയം ഉൾപ്പെടെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ “നന്മയുടെ സന്ദേശം” ജനങ്ങൾ വ്യക്തമാക്കിയതാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
